ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണം 9 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ ചെങ്കോട്ടയിൽ ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയാറായിട്ടില്ല. വൈകുന്നേരം 6.55 ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. സ്ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി നഗരം കനത്ത സുരക്ഷാവലയത്തിലാണ്. ചെങ്കോട്ടയിലേക്കുള്ള ഗതാഗതം പൂര്‍ണമായി അടച്ചു. ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.







