ചെന്നൈ: തമിഴ്നാട്ടില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ച് രംഗത്തെത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് മാതാവും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റിലായി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കൊല നടന്നത്. മുലയൂട്ടുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാവ് പ്രചരിപ്പിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയവുമായി പിതാവ് അധികൃതരെ സമീപിക്കുകയായിരുന്നു.
കുഞ്ഞിന്റെ മാതാവും മറ്റൊരു സ്ത്രീയും തമ്മിലുളള സ്വകാര്യ ചിത്രങ്ങളും ചാറ്റുകളുമുള്‍പ്പെടെ കണ്ടതോടെയാണ് പിതാവിന് കുഞ്ഞിന്റെ മരണത്തില്‍ സംശയമുണ്ടായത്. പരാതിയെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും ഭര്‍ത്താവുമായി പിരിയാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി പൊലീസിന് മൊഴിനല്‍കി. അതിനാല്‍ അദ്ദേഹത്തിന്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്നു യുവതി ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.







