മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി മൃതദേഹം വീട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ ആള്‍ക്ക് ജീവന്‍. സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സംഭവം. കര്‍ണാടക ഗഡാഗ്-ബെറ്റാഗേരി സ്വദേശി 38 വയസുകാരനായ നാരായണിനാണ് പുനര്‍ജന്മം കിട്ടിയത്. ധാര്‍വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാരായണിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തിനു ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആണ് നടത്തിയത്. നിലഗുരുതരമായതിനാല്‍ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മുന്‍കൂട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ച നാരായണ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചു. മരണ വിവരം കാട്ടുതീപോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സുഹൃത്തുക്കള്‍ വീടിന് സമീപം ആദരാഞ്ജലികളുമായി ഫ്ളക്സും സ്ഥാപിച്ചു. മൃതദേഹം സംസ്‌കരിക്കാനുള്ള ചിതയ്ക്ക് വേണ്ട ഒരുക്കവും ബന്ധുക്കള്‍ നടത്തിയിരുന്നു. അതിനിടെ ആംബുലന്‍സില്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കാല്‍ അനങ്ങുകയും ശ്വസിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഒപ്പം ഉണ്ടായിരുന്നവര്‍ അമ്പരന്നു. മരിച്ചെന്ന് കരുതിയ ആള്‍ക്ക് ജീവനുള്ള വിവരം ഉടന്‍ വീട്ടുകാരെ അറിയിച്ചു. വീടിന് ഏതാനും കിലോമീറ്റര്‍ അകലെ എത്തിയിരുന്ന ആംബുലന്‍സ് തിരിച്ച് ആശുപത്രിയിലേക്ക് വിട്ടു. ബെറ്റഗേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് യുവാവ് ഇപ്പോള്‍.







