അഹമ്മദാബാദ്: കണ്ണിലേയ്ക്ക് മുളക്‌പൊടി എറിഞ്ഞ് സ്വര്‍ണ്ണം മോഷ്ടിക്കാനുള്ള യുവതിയുടെ ശ്രമം ജ്വല്ലറി ഉടമ വിഫലമാക്കി. യുവതിയെ പിടികൂടി 25 സെക്കന്റിനുള്ളില്‍ 20 തവണ മുഖത്തടിച്ച് നിലംപരിശാക്കി. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങി.
അഹമ്മദാബാദിലെ ഒരു ജ്വല്ലറിയില്‍ നവംബര്‍ മൂന്നിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. മുഖം മറച്ചാണ് സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന യുവതി ജ്വല്ലറിയില്‍ എത്തിയത്. കടയ്ക്കുള്ളില്‍ കടന്ന ഉടനെ യുവതി കൈയില്‍ കരുതിയിരുന്ന മുളക് പൊടിയെടുത്ത് ഉടമയുടെ മുഖത്തേയ്‌ക്കെറിഞ്ഞു. എന്നാല്‍ മുളക് പൊടി ലക്ഷ്യം തെറ്റി വീണതോടെ കടയുടമ യുവതിയെ തടഞ്ഞു നിര്‍ത്തി 20 തവണ മുഖത്തടിച്ചാണ് കീഴടക്കിയത്. യുവതിയെ അടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.







