കുമ്പള: 49 വയസ്സുവരെ ആശുപത്രികളില്‍ പോകാന്‍ മാത്രം വീട്ടില്‍ നിന്നു വാഹനങ്ങളില്‍ പുറത്തിറങ്ങിയിരുന്ന കോയിപ്പാടി കടപ്പുറത്തെ ഹനീഫ രണ്ടു ദിവസമായി കടപ്പുറത്താകെ മിന്നുന്നു. ഇലക്ട്രിക് വീല്‍ ചെയറില്‍ തടസ്സങ്ങളൊന്നുമില്ലാതെ പുറം ലോകവും കടപ്പുറവും മീന്‍ പിടിത്തവുമൊക്കെക്കണ്ട് അതിയായി സന്തോഷിക്കുന്നു. ഹനീഫയുടെ സന്തോഷം കണ്ടു നാട്ടുകാരും കടപ്പുറം നിവാസികളും അതിലും സന്തോഷിക്കുന്നു.
കോയിപ്പാടി കോട്ടി ഹൗസിലെ അബൂബക്കറിന്റെ മകനായ ഹനീഫക്കു രണ്ടാംവയസ്സില്‍ പനിബാധിക്കുകയും തുടര്‍ന്നു ചലനശേഷി നഷ്ടമാവുകയുമായിരുന്നു. പിന്നീട് വീട്ടില്‍ വാടക വണ്ടികള്‍ എത്തിച്ച് അതിലായിരുന്നു ആശുപത്രി യാത്രകള്‍. ആശുപത്രിയിലല്ലാതെ അപൂര്‍വ്വമായി ബന്ധുവീടുകളിലൊക്കെ പോയിരുന്നെങ്കിലും പിന്നീട് അതൊക്കെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നെ വീട്ടിലിരിപ്പായി. കടപ്പുറത്തുകൂടി നടക്കുന്നതും കടപ്പുറക്കാരെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ ഹനീഫ മനസ്സില്‍ സങ്കല്‍പ്പിച്ചു. അതിനു തനിക്കുമൊരു യോഗം ഉണ്ടാകാതിരിക്കില്ലെന്നു പ്രീക്ഷിച്ചു. അങ്ങനെയിരിക്കെയാണ് നാട്ടിലെ ലീഗ് പ്രവര്‍ത്തകര്‍ ഹനീഫയുടെ ആഗ്രഹം അറിഞ്ഞത്. ആ വിവരം അവര്‍ പഞ്ചായത്ത് മെമ്പര്‍ സബൂറയെ അറിയിച്ചു. സബൂറ അക്കാര്യം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീലയോടു പറഞ്ഞു. എന്തായാലും ജമീല ജില്ലാ പഞ്ചായത്തിനെക്കൊണ്ടു ഹനീഫക്കു വീല്‍ചെയര്‍ അനുവദിപ്പിച്ചു. രണ്ടു ദിവസം മുമ്പു അതു ഹനീഫയ്ക്ക് കൈമാറുകയും ചെയ്തു. വീല്‍ ചെയര്‍ പേടിയില്ലാതെ ഓടിക്കാന്‍ അനായാസമായി മനസിലാക്കിയ ഹനീഫ അതു ഓടിച്ചു കാണാന്‍ കൊതിച്ച നാടും നാട്ടുകാരെയും കടലും കടപ്പുറവും മതിവരാതെ കണ്ടു കൊണ്ടിരിക്കുന്നു. അതീവ സന്തുഷ്ടനുമാണ്. ഹനീഫയുടെ പ്രത്യാശാഭരിതമായ മുഖഭാവം നാട്ടുകാരെ അതിലുമേറെ സന്തോഷിപ്പിക്കുകയാണ്.







