കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളില്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെങ്ങും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി. കാസര്‍കോട് ജില്ലയില്‍ പ്രതിപക്ഷം ഇല്ലാത്ത പഞ്ചായത്തായ ബേഡകത്ത് സി പി എമ്മിനു അകത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതാണ് വിവരം. സി പി എം നേതാവായ പായം കുഞ്ഞിരാമന്‍ ആയിരിക്കും സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാവുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പറയുന്നു. സ്വന്തം വാര്‍ഡ് ഇക്കുറി സംവരണമായതിനാല്‍ പായം കുഞ്ഞിരാമനെ സമീപത്തെ മറ്റേതെങ്കിലും വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കുവാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ തവണ ബേഡകം പഞ്ചായത്തില്‍ 17 വാര്‍ഡുകള്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ രണ്ടു വാര്‍ഡുകള്‍ വര്‍ധിച്ച് 19വാര്‍ഡുകളായി. നിലവിലുള്ള ഭരണ സമിതിയില്‍ യു ഡി എഫിനു അംഗങ്ങളൊന്നും ഇല്ല. ഇത്തവണ രണ്ടു വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യു ഡി എഫിന്റെ കണക്കു കൂട്ടല്‍. കോണ്‍ഗ്രസ് കേന്ദ്രമായ മാടക്കല്ല് പ്രദേശം ഉള്‍പ്പെടുന്ന കുണ്ടംകുഴി, പുലിക്കോട് വാര്‍ഡുകളിലാണ് യു ഡി എഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. കോണ്‍ഗ്രസ് നേതാവായ കുഞ്ഞികൃഷ്ണനെയാണ് കുണ്ടംകുഴി വാര്‍ഡില്‍ മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടുകള്‍ ബേഡകം പഞ്ചായത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഭൂരിഭാഗം ബൂത്തുകളിലും ബി ജെ പി വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ട്. ബി ജെ പി ശക്തി കേന്ദ്രമായ കാപ്യ, വിളക്കുമാടം പ്രദേശം ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡായ പയറ്റിയാലാണ് ബി ജെ പി ലക്ഷ്യമിടുന്നത്. വിജയലക്ഷ്യം മുന്‍നിര്‍ത്തി പരമാവധി പേരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും അനര്‍ഹമായ വോട്ടുകള്‍ തള്ളിക്കാനും ശക്തമായ ഇടപെടല്‍ ബി ജെ പി നടത്തിയതായി പറയുന്നു. പയറ്റിയാല്‍ വാര്‍ഡ് വഴി ബേഡഡുക്ക പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാമെന്നാണ് ബി ജെ പിയുടെ കണക്കു കൂട്ടല്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അത്യന്തം വാശിയേറിയ മത്സരമായിരിക്കും ഇത്തവണ സി പി എം ശക്തി കേന്ദ്രമായ ബേഡകത്ത് നടക്കുകയെന്നുവിലയിരുത്തപ്പെടുന്നു.







