കാസര്‍കോട്: വന്യജീവികളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതില്‍ കാസര്‍കോട് മുന്നിലാണെന്നും ഈ വര്‍ഷത്തോടെ സമ്പൂര്‍ണ്ണ സോളാര്‍ വേലികളാല്‍ സംരക്ഷിത ജില്ലയാക്കി കാസര്‍കോടിനെ ഉയര്‍ത്താനാവുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ മനുഷ്യ, വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ജില്ലയില്‍ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രശ്‌നബാധിത പഞ്ചായത്തുകളുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍. കെ. ഇമ്പശേഖരന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെവി ബിന്ദു, തദ്ദേശ സ്വയംഭരണം, പൊലീസ്, ട്രൈബല്‍ ഡവലപ്‌മെന്റ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.







