കാസര്‍കോട്: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ശക്തമാക്കി. മദ്യപിച്ചെത്തുവരെ ഇനി യാത്രചെയ്യന്‍ അനുവദിക്കില്ല. സാമൂഹ്യവിരുദ്ധരെയും പടികടത്തുന്നു. യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. യാചകര്‍ക്കെതിരെയും മദ്യപിച്ച് അലഞ്ഞ് നടക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കാസര്‍കോട്, കാഞ്ഞാങ്ങാട്, മഞ്ചേശ്വരം സ്റ്റേഷനുകളിലും വ്യാഴാഴ്ച പരിശോധന നടന്നു. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധനയും നടക്കുന്നുണ്ട്. പലരെയും താക്കീത് ചെയ്ത് വിട്ടയച്ചു. യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കേരള റെയില്‍വേ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം പ്രകാരം ഓപ്പറേഷന്‍ രക്ഷിതാ പദ്ധതിയുടെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധന തുടരുന്നത്. റെയില്‍വേ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സിഎസ് സനില്‍ കുമാര്‍, എഎസ്‌ഐ മാരായ പി കെ വേണുഗോപാല്‍, സി കെ മഹേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസറും ഇന്റലിജന്‍സ് ഓഫീസറുമായ ജ്യോതിഷ് ജോസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ ശശി, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തി. ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിലും ജനറല്‍ കോച്ചുകളിലും സ്വീകരിക്കേണ്ട സുരക്ഷ മുന്‍കരുതലുകളെ കുറിച്ചു യാത്രക്കാരെ ബോധവാന്മാരാക്കി. എമര്‍ജന്‍സി റെസ്‌പോണ്‍സ് നമ്പരുകളായ 112, 139 എന്നിവയെക്കുറിച്ചും, റെയില്‍ മദാദ് ആപ്ലിക്കേഷനെക്കുറിച്ചും, കേരള റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ആയ 9846200100 തുടങ്ങിയവയെ കുറിച്ചും യാത്രക്കാര്‍ക്ക് വിശദീകരിച്ച് ആവശ്യമായ ബോധവല്‍ക്കരണം നല്‍കി.







