കുമ്പള: യു.ഡി.എഫിന്റെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ടു നാട്ടുകാര്‍ക്കു കുമ്പള ടൗണില്‍ ഇറങ്ങാന്‍ പോലും കഴിയാതായെന്നു സി.പി.എം. ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ ചൂണ്ടിക്കാട്ടി.
കുമ്പള ടൗണില്‍ നാലു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിച്ച് 39 ലക്ഷം രൂപ സ്വന്തം കീശയിലിട്ടതിന്റെ തെളിവു ടൗണിന്റെ ഹൃദയ ഭാഗത്തു മൂക സാക്ഷിയായി നില്‍ക്കുന്നു.
1000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ടേക്ക് എ.ബ്രേക്കിന്റെ പേരില്‍ 39 ലക്ഷം വിഴുങ്ങി. ഈ കെട്ടിടത്തില്‍ വെള്ളമില്ല. വൈദ്യുതിയും ഇല്ല. ഈ രണ്ടു കെട്ടിടവും ഉദ്ഘാടനം ചെയ്തിട്ടുമില്ല.
പഞ്ചായത്തിലെ മൊത്തം ഇലക്ട്രിക് പോസ്റ്റിനെക്കാള്‍ കൂടുതല്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതായി ഫയലില്‍ എഴുതിവച്ചു എത്ര ലക്ഷമാണു കീശയിലാക്കിയതെന്നു സുബൈര്‍ ആരാഞ്ഞു.
കുമ്പള ടൗണില്‍ സ്‌കൂളിനും ആശുപത്രിക്കുമടുത്തായി സ്ഥാപിച്ചിട്ടുള്ള കല്യാണ മണ്ഡപം മാലിന്യക്കൂമ്പാരമാക്കി മാറ്റിയതു കൊണ്ട് നാറ്റം മൂലം നാട്ടുകാര്‍ക്കു വഴിനടക്കാന്‍ പോലും കഴിയാതായിരിക്കുന്നു. ഇതിനെതിരെ ഭരണസമിതി ഒന്നും മി ണ്ടുന്നില്ല. ആ ഭാഗത്തേക്കുനോക്കുന്നുമില്ല. കുമ്പള ടൗണിലെ ട്രാഫിക് പരിഷ്‌കാരം കൊണ്ടു വ്യാപാരികളും ജനങ്ങളും നട്ടം തിരിയുന്നു.
മത്സ്യമാര്‍ക്കറ്റ് ആധുനികരീതിയില്‍ നിര്‍മ്മിച്ച് മത്സ്യതൊഴിലാളികളെ തെരുവിലിറക്കി. അതേസമയം പുതിയ മത്സ്യമാര്‍ക്കറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ കൊള്ളയടിക്കുന്നു – സുബൈര്‍ പറഞ്ഞു.
ആയിരക്കണക്കിനാളുകള്‍ ദിവസവും വന്നു പോകുന്ന കുമ്പള ടൗണില്‍ യാത്രക്കാര്‍ക്ക് അനിവാര്യമായ ഒരു ശൗചാലയം പോലും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. അതേ സമയം ഓരോരോ നിര്‍മ്മാണങ്ങളുടെ പേരു പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു.
ടൂറിസം മേഖലയില്‍ കേരളം മുന്നേറുമ്പോള്‍ കുമ്പളയിലെ ടൂറിസം മേഖലയില്‍ കാടുകയറുന്നു. പഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാവുന്ന ആരിക്കാടി കോട്ടയില്‍ സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ ശ്രമിച്ച് ഭരണപ്പാര്‍ട്ടിക്കാര്‍ ജനങ്ങളുടെ മുന്നില്‍ സ്വയം പരിഹാസ്യരാകുന്നു.
ആരിക്കാടിയിലെ തുറമുഖ വകുപ്പിന്റെ മണല്‍കടവില്‍ യൂത്ത് ലീഗ് നേതാവിനെ വ്യാജമണല്‍വാരല്‍ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ മണല്‍ വിഴുങ്ങിയതിന്റെ ദഹനക്കേടിലും ഉദരരോഗത്തിലും ഭരണപ്പാര്‍ട്ടി കുടുങ്ങിക്കിടക്കുന്നു. മണല്‍ക്ഷാമം രൂക്ഷമാക്കി നിര്‍മ്മാണമേഖല സ്തംഭിപ്പിച്ചു. ലോകത്തിനും രാജ്യത്തിനും മാതൃകയായ ലൈഫ് മിഷനില്‍ യഥാര്‍ത്ഥ ഗുണഭോക്താവിന് വീടു നല്‍കുന്നതിന് പകരം സ്വന്തക്കാരെയും ബന്ധുക്കളെയും ഇത്തരം വീടുകളില്‍ താമസക്കാരാക്കുകയും പാവങ്ങളെ കോക്രി കുത്തിക്കാണിക്കുകയും ചെയ്യുന്നു.
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി വര്‍ഷം 5 കഴിഞ്ഞിട്ടും വാഗ്ദാനമെന്ന ഉപായം കൊണ്ടു വ്യാപാരികളെയും വ്യവസായികളെയും വഞ്ചിക്കുന്നു.
കുമ്പള ടൗണില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കി ലക്ഷങ്ങളുടെ അഴിമതി നടത്തുന്നു.
ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഭരണകക്ഷിക്കു എസ്ഡിപിഐ കോണിയായി നിന്നു യുഡിഎഫ് ഭരണസമിതിയെയും അവരുടെ അഴിമതിയെയും താങ്ങിക്കൊടുക്കുന്നു. ബിജെപി അതിനു താളമടിച്ചു നില്‍ക്കുന്നു.
ലോകത്തിനും രാജ്യത്തിനും മാതൃകയായ കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, കലാകായികം, ടൂറിസം മേഖലകളില്‍ എത്തി നോക്കാന്‍ പോലും കഴിയാത്ത കുമ്പള പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്തിയും പൊതു മുതല്‍ കൊള്ളയടിച്ചും കൊള്ള മുതല്‍ പങ്കുവെക്കുന്നതില്‍ തമ്മിലടിച്ചും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായിരിക്കുകയാണെന്നു സുബൈര്‍ പരിതപിച്ചു. അഴിമതി ഭരണത്തിന് അറുതി വരുത്താനും കുമ്പളയെ വികസനത്തിന്റെ നവലോകത്തേക്കു നയിക്കാനും ഇടതു മുന്നണിക്കൊപ്പം അണി ചേരാന്‍ നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവരെ അറിയിപ്പില്‍ അദ്ദേഹം ക്ഷണിച്ചു.







