പാട്ന: പ്രചാരണ പോരിനു ശേഷം ബിഹാർ പോളിങ് നാളെ ബൂത്തിലേക്ക്. ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടാണ് ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചത്. ഇന്ന് നിശബ്ദപ്രചാരണമാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. കഴിഞ്ഞതവണ ആദ്യഘട്ടത്തിലെ 121 ൽ 61 സീറ്റുകൾ ഇന്ത്യാസഖ്യം നേടിയിരുന്നു. ഇന്ത്യ സഖ്യത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും രാഹുൽ ഗാന്ധിയും ഇറങ്ങിയപ്പോൾ എൻ ഡി എയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ റാലികളിൽ നിറഞ്ഞ് നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം ബീഹാർ ഭരിച്ച നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ പകുതിയോളം വരുന്ന വനിത വോട്ടർമാർക്കായും യുവാക്കൾക്കായും നൽകിയ വാഗ്ദാനങ്ങൾ ഫലം കാണുമെന്നാണ് എൻ ഡി എ കണക്ക്കൂട്ടൽ. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. പതിനാലിനാണ് ഫലപ്രഖ്യാപനം. ബിഹാറില്‍ ആര് വാഴും ആര് വീഴുമെന്ന് അന്നറിയാം.







