നാരായണന്‍ പേരിയ
അണ്ടിയോ മൂത്തത്, അതല്ല മാവോ? മാവിലാണ് മാങ്ങ കായ്ക്കുന്നത്; മാങ്ങയ്ക്കകത്ത് മാങ്ങയണ്ടി. അപ്പോള്‍ മൂത്തത് മാവ്. അതെങ്ങിനെ ശരിയാകും? മാങ്ങയണ്ടി- അതായത്, മാവിന്റെ വിത്ത്- മണ്ണില്‍ മുളച്ചിട്ടാണ് മാവ് എന്ന മരം ഉണ്ടായത്. ആ മരത്തിലാണ് മാങ്ങ കായ്ക്കുന്നത്.
സമാനമായ മറ്റൊരു പ്രശ്നം. കോഴിയോ മൂത്തത്, മുട്ടയോ? മുട്ടവിരിഞ്ഞ് കോഴി ഉണ്ടാകുന്നു. മുട്ടയില്‍ അടയിരുന്ന് തള്ളക്കോഴി മുട്ട വിരിയിക്കുന്നു; കുഞ്ഞ് പിറക്കുന്നു. ആ മുട്ട എവിടെ നിന്ന് വരുന്നു? പിടക്കോഴി മുട്ടയിടുന്നു. അപ്പോള്‍ മൂപ്പ്?
ഇങ്ങനെ തീരാത്ത തര്‍ക്കങ്ങള്‍ പലത്. ശരീരം സ്വതവേ ഉണ്ടായി. ആ ശരീരത്തില്‍ ബുദ്ധി കുടികൊള്ളുന്നു. ശരീരത്തെ നിയന്ത്രിക്കുന്നത് ബുദ്ധി. ബുദ്ധിയും സ്വതസിദ്ധം.
ഇത് പഴയ കഥ. എന്നാല്‍ ഇക്കാലത്ത് മനുഷ്യ നിര്‍മ്മിതമായ ബുദ്ധിയും ഉണ്ട്- ‘നിര്‍മ്മിത ബുദ്ധി’-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. മനുഷ്യാവിഷ്‌കൃത സാങ്കേതിക വിദ്യയുടെ സൃഷ്ടി.
സാങ്കേതിക വിദ്യകളെല്ലാം തന്നെ (കെ്നോളജി )മനുഷ്യാധ്വാനം ലഘൂകരിക്കാനുള്ളതാണ്. നമ്മുടെ ധാരണ അതാണെങ്കിലും അധ്വാനം കൂട്ടുകയാണ് സാങ്കേതിക വിദ്യകളെല്ലാം തന്നെ. അധ്വാനം ലഘൂകരിക്കാനുള്ളത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. പലതരം ആപത്തുകളില്‍ ചാടിക്കുന്നു. നിര്‍മ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യയും ആപല്‍ക്കരം. അമൃതാണെന്ന് ധരിച്ചത് കൊടും വിഷം!
എന്നിട്ടും, നമ്മുടെ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു. നവമ്പര്‍ ഒന്നു മുതല്‍ സാക്ഷിമൊഴികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് വഴി രേഖപ്പെടുത്തണം. വിചാരണ കോടതികള്‍ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതില്‍ വലിയ കാലതാമസമുണ്ടാക്കുന്നു. സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ഈ കാര്യം. ജസ്റ്റീസ് അരവിന്ദകുമാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞു. വിചാരണ കോടതികള്‍ കുറ്റാരോപിതരുടെ പേരില്‍ കുറ്റം ചുമത്താന്‍ വൈകുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 251(ബി) പ്രകാരം പ്രാഥമിക വാദം കഴിഞ്ഞ് അറുപത് ദിവസത്തിനകം കുറ്റം ചുമത്തേണ്ടതാണ്. എന്നാല്‍ അത് നടക്കുന്നില്ല പലപ്പോഴും. കേസുകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കാന്‍ ഇതും കാരണമാണ്. പെന്‍ഡിംഗ് കേസുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നു. കോടതി നടപടികള്‍ സംബന്ധിച്ച് കര്‍ശനമായ സമയക്രമം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
രാഷ്ട്രതലസ്ഥാനത്തു നിന്നുള്ള ഈ റിപ്പോര്‍ട്ട് പത്രങ്ങളില്‍ വന്ന ദിവസം തന്നെയാണ് ഹൈക്കോടതി വാര്‍ത്തയും വന്നത.് സാക്ഷിമൊഴി രേഖപ്പെടുത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ വഴിയാക്കണം. കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ടും അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോടതി ജീവനക്കാരുമായിരുന്നു സാക്ഷി മൊഴി രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. ഇത് മന്ദഗതിയിലാകുന്നു. കാലതാമസം നേരിടുന്നു. ഇത് ഒഴിവാക്കാന്‍, പരിഹാരമെന്ന നിലയില്‍ എ ഐ ടൂള്‍ വഴിയും മൊഴി രേഖപ്പെടുത്താം. യന്ത്രമല്ലേ, എന്തെങ്കിലും തകരാറുണ്ടാകാം, തടസ്സം നേരിടാം അങ്ങനെ സംഭവിക്കുകയാണെങ്കില്‍, ഹൈക്കോടതിക്കു ഐ ടി വിഭാഗത്തിന്റെ അനുമതിയോടെ അനുവദനീയമായ മറ്റ് ടൂളുകള്‍ ഉപയോഗിക്കാവുന്നതാണ്. സാക്ഷിമൊഴി രേഖപ്പെടുത്തി കോടതിയുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ കേസിലെ കക്ഷികള്‍ക്കും ഇത് ലഭ്യമാകും.
പക്ഷേ, മൊഴികള്‍ ചോര്‍ത്തിയെടുത്ത് തന്നിഷ്ടപ്പടി കുത്തിത്തിരിപ്പ് നടത്താനുള്ള സാധ്യതയില്ലേ? സ്വയം കൃതാനര്‍ത്ഥം എന്ന് വിലപിച്ചതു കൊണ്ടായില്ല. മറുവഴി കണ്ടെത്തണം. കൃത്രിമബുദ്ധി എന്ന സാങ്കേതിക വിദ്യ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ചട്ടം ഭേദഗതി ചെയ്യാനുദ്ദേശിക്കുന്നതായി കേന്ദ്ര മന്ത്രാലയം അറിയിക്കുന്നു. ശരിയായ ഉള്ളടക്കവും നിര്‍മ്മിത ഉള്ളടക്കവും (അതായത്, കൃത്രിക ഉള്ളടക്കം) തിരിച്ചറിയുക തീരുമാനമെടുക്കും മുമ്പ് എന്ന് മുന്നറിയിപ്പ് നല്‍കണം. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള എ ഐ സൃഷ്ടികളിലും മുന്നറിയിപ്പ് രേഖപ്പെടുത്തണം.
ദൃശ്യമാധ്യമത്തിലാണെങ്കില്‍, സ്‌ക്രീന്‍ അളവിന്റെ പത്ത് ശതമാനം അളവില്‍; ഉള്ളടക്കത്തിന്റെ പത്തുശതമാനം ദൈര്‍ഘ്യത്തില്‍- മുന്നറിയിപ്പ്.
പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് പൊതുജനാഭിപ്രായം ആരായുകയാണ് കേന്ദ്രസര്‍ക്കാര്‍. നവമ്പറിനു മുമ്പായി അഭിപ്രായം അറിയിക്കണം എന്ന് പത്രവാര്‍ത്ത. (23-10-25) പുകവലിക്കുന്ന ദൃശ്യങ്ങള്‍ക്കടുത്ത്.
പുകവലി ആരോഗ്യത്തിന് ഹാനികരം എന്നും മദ്യക്കുപ്പിക്കു പുറത്തു മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നും എഴുതിച്ചേര്‍ക്കണം എന്ന ലഹരിവിരുദ്ധച്ചട്ടം നിലവിലുണ്ടല്ലോ. ആരെങ്കിലും അത് വകവയ്ക്കാറുണ്ടോ? മുന്നറിയിപ്പ് ചട്ടം പ്രാബല്യത്തില്‍ വന്ന ശേഷം ലഹരിയുപയോഗം എത്ര ശതമാനം കുറഞ്ഞു? അതും ‘എ ഐ സൃഷ്ടി’ ആകരുത്.
‘മതിമായ്ക്കും മറിമായം!’
(മതി =ബുദ്ധി)







