കാസർകോട്: മയക്കു മരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതായി പോകവേ അപകടത്തിൽപെട്ട് മരണപ്പെട്ട സീനിയർ പൊലീസ് ഓഫീസർ കെ കെ സജീഷിന്റെ കുടുംബത്തിന് താങ്ങായി സഹപ്രവർത്തകർ. വീട് നിർമ്മാണത്തിനായി വായ്പയെടുത്ത കടബാധ്യത ഏറ്റെടുത്ത് ആധാരം കുടുംബത്തിന് തിരിച്ചു നൽകി. നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചിരുന്ന സജീഷ് കേരളാ പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് 28 ലക്ഷം രൂപ ലോൺ എടുത്തായിരുന്ന വീട് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. വീടിൻ്റെ നിർമ്മാണം പൂർത്തിയായപ്പോഴാണ് അപ്രതീക്ഷിത വിയോഗമുണ്ടായത്. ഈ സാഹചര്യത്തിൽ പറക്കമുറ്റാത്ത് രണ്ടു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തെ ചേർത്തു പിടിക്കാൻ സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സജീഷിന്റെ ലോൺ ബാധ്യത കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി ഏറ്റെടുത്തു. സജീഷ് മരണപ്പെട്ടു മുപ്പത്തിയേഴാം ദിവസം സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ നീലേശ്വരത്ത് എത്തി ആധാരം കുടുംബത്തിന് കൈമാറി. നോർത്ത് സോൺ ഐജി രാജ്പാൽ മീണ, ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധവി വിജയ് ഭരത് റെഡ്‌ഡി, പൊലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് കെ പി പ്രവീൺ, ഭരണസമിതി അംഗങ്ങളായ രാജേഷ് കടമ്പേരി, ഇ വി പ്രദീപൻ, കേരളാ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ ചടങ്ങിൽ സംബന്ധിച്ചു.







