കാസര്‍കോട്: ബദിയടുക്കയിലെ മല്‍സ്യവില്‍പനക്കാരനായ അനില്‍കുമാറി(40)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴാം പ്രതി അറസ്റ്റില്‍. മധൂര്‍ പട്‌ള സ്വദേശി പന്നിയൂര്‍ ഹൗസില്‍ കെ രാമചന്ദ്രനെ(55)യാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ ടികെ മുകുന്ദനും സംഘവും അറസ്റ്റുചെയ്തത്. കേസില്‍ നേരത്തെ 6 പേരെ അറസ്റ്റുചെയ്തിരുന്നു. ഒക്ടോബര്‍ അഞ്ചിന് രാത്രിയിലാണ് സീതാംഗോളി ടൗണില്‍ അക്രമം നടന്നത്. സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അനില്‍കുമാറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമത്തിനിടെ അനില്‍കുമാറിന്റെ കഴുത്തില്‍ തറച്ച കത്തി മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയായിരുന്നു. സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തത്. മുഖ്യപ്രതി ബേള ചൗക്കാര്‍ ഹൗസിലെ അക്ഷയിയെ ആദ്യം പിടികൂടിയിരുന്നു. കുതിരപ്പാടി സ്വദേശികളായ മഹേഷ്, രജീഷ്, ഹരികൃഷ്ണന്‍, അജിത്ത് കുമാര്‍ എന്നിവരെയും പിന്നീട് അറസ്റ്റുചെയ്തിരുന്നു. ഇനി ആറുപേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.







