തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയില്‍വെ പോര്‍ട്ടര്‍ പിടിയിൽ. വേളി റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ കാഞ്ഞിരംകുളം സ്വദേശി അരുണിനെ(32)യാണ് പൊലീസ് പിടികൂടിയത്. 24കാരിയായ നടിക്കാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച പോര്‍ട്ടറിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ആര്‍പിഎഫ് അന്വേഷണം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പോര്‍ട്ടറെ അറസ്റ്റ് ചെയ്യുന്നത്. ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു നടി. ട്രെയിൻ കയറുന്നതിനായി ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ സഹായിക്കാം എന്ന് പറഞ്ഞു മറ്റൊരു ട്രെയിനിന്റെ എസി കോച്ചിന്റെ ഡോർ തുറന്നു കൊടുക്കുകയായിരുന്നു. യുവതി ട്രെയിനിൽ കയറിയപ്പോൾ സഹായിക്കാൻ എന്ന വ്യാജേന ബാഗിൽ പിടിക്കുകയും പിന്നീട് ദേഹത്ത് സ്പർശിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തിൽ ഇയാള്‍ക്കെതിരെ റെയില്‍വെ സസ്പെന്‍ഷൻ നടപടികളിലേക്കും കടന്നിരുന്നു.







