കാസര്‍കോട്: കേരള പിറവി ദിനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണ സംവിധാനവും സംയുക്തമായി മലയാള ദിനവും ഭരണഭാഷ വാരാചരണവും ആഘോഷിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം പി.അഖില്‍ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ എഴുത്തുകാരിയും സാംസ്‌കാരിക സിനിമാ പ്രവര്‍ത്തകയുമായ സി.പി ശുഭ മുഖ്യ പ്രഭാഷണം നടത്തി. മലയാള ഭാഷയ്ക്ക് നല്‍കിയ മികച്ച സംഭാവന പരിഗണിച്ച് സീതാദേവി കരിയാട്ടിനെയും കന്നട, തുളു ഭാഷകള്‍ക്ക് നല്‍കിയ മികച്ച സംഭാവന പരിഗണിച്ച് കുശാലാക്ഷി കുലാലിനെയും ബേബി ബാലകൃഷ്ണന്‍ ആദരിച്ചു. തുളുവിലും കന്നഡയിലും ഒരുപോലെ എഴുതുന്ന കാസര്‍കോട് ജില്ലക്കാരിയായ പ്രശസ്ത എഴുത്തുകാരിയാണ് കുശാലാക്ഷി കണ്വതീര്‍ഥ. തുളു, കന്നഡ ഭാഷകളില്‍ കവിത, നോവല്‍, ലേഖനം, വിവര്‍ത്തനം, ഗാനം എന്നീ വിഭാഗങ്ങളിലായി 11 പുസ്തകങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. തുളുവിന്റെ വീണ്ടെടുപ്പിന് നിരന്തരമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. സുറൂതപനി, റഡ്ഡ്പനി, പനിമുത്തുമാലെ, പത്ത എന്നിവ ശ്രദ്ധേയമായ തുളുകവിതാ സമാഹാരങ്ങളാണ്. ഇതില്‍ പനി മുത്തുമാലെ എന്ന കൃതി ആദിമധ്യാന്തം തുളുഭാഷയിലും ലിപിയിലുമുള്ളതാണ്. കടല മുത്തു, ആസ്തി, ബോട്ടി എന്നിങ്ങനെ മൂന്ന് തുളുനോവലുകള്‍ പ്രസിദ്ധീകരിച്ചു.
ഡോ.അണ്ണയ്യ കുലാലിന്റെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായ സീക് സങ്കട ഇല്ല പാതെറ, ബൈദ്യറെന കെബി പാതെറ എന്നിവ തുളുവിലേയ്ക്ക് തര്‍ജിമചെയ്തു. ജീവചരിത്രവും എഴുതിയിട്ടുണ്ട്. കന്നഡ കവിതകള്‍ തുളുവിലേക്ക് തര്‍ജിമ ചെയ്തിട്ടുണ്ട്. കര്‍ണാടക തുളു സാഹിത്യ അക്കാദമി, ഉഡുപ്പി തുളുക്കൂട്ടത്തിന്റെ എസ്.യു.പനിയാഡി, മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ സാഹിത്യ കലാരത്‌നം, 2023 ലെ തുളു പുസ്തക, ബംഗളൂര്‍ കുലാലസംഘത്തിന്റെ കുലാല കിരീട ബംഗളൂരു തുളുവെറ ചാവടിയുടെ തുളുനാട്ദ സിരി തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെയും കര്‍ണാടകയിലെയും സാഹിത്യസമ്മേളനങ്ങളില്‍ കവിതകള്‍ അവതരിപ്പിക്കുന്നുണ്ട്. കാരവല്‍ കന്നഡപത്രത്തില്‍ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നു. കേരള – കര്‍ണാടക അതിര്‍ത്തി പ്രദേശമായ കണ്വതീര്‍ത്ഥയിലെ ചെറുകിട കര്‍ഷക കുടുംബത്തില്‍ 1967 നവംബര്‍ 20 ന് ജനനം. പരേതനായ നാരായണ മൂല്യ – ചന്ദ്രാവതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: വാസു കുലാല്‍. മക്കള്‍: അമൃത കെ, അര്‍പിത കെ.








