കാസര്‍കോട്: സ്ത്രീകളെ ബസില്‍ കയറ്റുന്നില്ലെന്നു ആരോപിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഉപ്പള, ഹിദായത്ത് ബസാറിലെ മുഹമ്മദ് സിറാജുദ്ദീ (26)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ മുകുന്ദനും ജൂനിയര്‍ എസ് ഐ അനന്തകൃഷ്ണനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെ കുമ്പള ടൗണിലാണ് അറസ്റ്റിനാസ്പദമായ സംഭവം. കെ എസ് ആര്‍ ടി സി ഡ്രൈവറായ മലപ്പുറം, പെരിന്തല്‍മണ്ണ, ചേങ്ങോട് സ്വദേശി കെ രാജേഷ് കുമാര്‍ (47) ആണ് അക്രമത്തിനു ഇരയായത്.
ബസ് കുമ്പള ടൗണില്‍ എത്തിയപ്പോള്‍ മുഹമ്മദ് സിറാജുദ്ദീനും മറ്റൊരാളും ബസില്‍കയറി ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് മുഖത്ത് അടിക്കുകയും നെഞ്ചിനു ചവിട്ടുകയും ചെയ്തുവെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.







