തിരുവനന്തപുരം: കേരളം അതിദരിദ്രമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരളപ്പിറവി ദിനമായ ഇന്ന് ഈ പ്രഖ്യാപനത്തിനുവേണ്ടി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. പ്രഖ്യാപനം ശുദ്ധതട്ടിപ്പാണെന്നും പഞ്ചായത്തു തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുകൊണ്ടുള്ള ചെപ്പിടി വിദ്യയാണെന്നും സഭ ബഹിഷ്‌ക്കരിക്കും മുമ്പു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്താവിച്ചു. കേരളത്തിനു വിവിധ വികസന -ക്ഷേമ പദ്ധതികള്‍ക്കു കേന്ദ്രത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനും ജനങ്ങളെ വിഷമിപ്പിക്കാനും സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കാനുമുള്ള ശ്രമമാണ് പ്രഖ്യാപനമെന്നു പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
നവകേരള നിര്‍മ്മാണത്തിന്റെ ചരിത്ര മുഹൂര്‍ത്തത്തില്‍ പ്രതിപക്ഷം എന്തിനാണ് പേടിക്കുന്നതെന്നു പ്രതിപക്ഷ സഭാ ബഹിഷ്‌ക്കരണത്തെ പരാമര്‍ശിച്ചു മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനം അതിദരിദ്രരില്ലാത്ത സംസ്ഥാനമായെന്നു കേരളത്തിനറിയും. പുറത്തുള്ളവര്‍ക്കും രാജ്യത്തിനും അറിയാം. അതു ലോകത്തെ അറിയിക്കാനാണ് പ്രഖ്യാപനമെന്നു മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പെന്ന സതീശന്റെ ആരോപണം സ്വന്തം ശീലത്തെക്കുറിച്ചുള്ള ആത്മാവിഷ്‌ക്കാരമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇടതുസര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കും. അതി ദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളമെന്നും ഈ കേരളപ്പിറവി, അതിദരിദ്രരില്ലാത്ത കേരളത്തിന്റെ പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ കയറിയുടന്‍ പറഞ്ഞതാണ് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കുമെന്ന്. ചിട്ടയായ, ജനപങ്കാളിത്തത്തിലൂടെയുള്ള പ്രയത്‌നത്തിലൂടെ അതു സഫലീകരിച്ചു. ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവ ആ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കി.

എന്നാല്‍ നിയമസഭാ സമ്മേളനത്തെ മുഖ്യമന്ത്രി പ്രഹസനമാക്കിയെന്നു പ്രതിപക്ഷ നേതാവ് അപലപിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിക്കും. എം എല്‍ എമാര്‍ അതു കേട്ടിരുന്നിട്ട് സഭ വിട്ടു പൊയ്‌ക്കൊള്ളണം. ഒരു ചോദ്യവും ചോദിക്കാന്‍ പാടില്ലെന്നതു തട്ടിപ്പല്ലെങ്കില്‍ പിന്നെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രഖ്യാപനത്തിന് ഇന്നത്തെ പത്രങ്ങളില്‍ എത്രകോടിയുടെ പരസ്യമാണ് കൊടുത്തിട്ടുള്ളത്. പ്രഖ്യാപനത്തിനു വേണ്ടി നിയമസഭ കൂടാന്‍ എത്ര ലക്ഷങ്ങളാണ് ധൂര്‍ത്തടിച്ചത്? അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം വേണം, ശബരിമല കൊള്ളയെക്കുറിച്ചും ചോദിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പച്ച നുണകളുടെ സമാഹാരം വെളിപ്പെടുത്താന്‍ പ്രതിപക്ഷാവശ്യം നിരസിച്ചതിനാലാണ് പ്രതിപക്ഷം സഭ വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വീരവാദം കൊണ്ട് കേരളത്തിനു കേന്ദ്രം നല്‍കുന്ന വികസന- ക്ഷേമ സഹായങ്ങള്‍ ഇല്ലാതാവുമെന്നതാണ് സംഭവിക്കാന്‍ പോകുന്നതെന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാത്രമല്ല, പല കേന്ദ്ര പദ്ധതികളില്‍ നിന്നും കേരളം പുറത്താവും. കേരളത്തിനു അപകടകാരിയായ പ്രഖ്യാപനമാണ് കേരളപ്പിറവി ദിനത്തില്‍ത്തന്നെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







