കാസര്‍കോട്: ഉപ്പള, റെയില്‍വേ ഗേറ്റിനു സമീപത്തു ശനിയാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറി. മൃതദേഹം കര്‍ണ്ണാടകയിലെ മൂന്നു കൊലക്കേസുകളില്‍ പ്രതിയായ മംഗ്‌ളൂരുവിലെ നൗഫലിന്റേതാണെന്നു തിരിച്ചറിഞ്ഞതോടെയാണിത്. കൊലക്കേസ് പ്രതിയായതിനാല്‍ കൊല്ലപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ശനിയാഴ്ച രാവിലെയാണ് 45 വയസ് തോന്നിക്കുന്ന അജ്ഞാത യുവാവിന്റെ മൃതദേഹം ഉപ്പള, ഗേറ്റിനു സമീപത്തു റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്. ഷര്‍ട്ട് ഊരി മറ്റൊരു സ്ഥലത്തു വച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പാന്റ്‌സും ഷര്‍ട്ടുമായിരുന്നു വേഷം. പാന്റ്‌സിന്റെ കീശയില്‍ നിന്നു സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെടുത്തിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ജില്ലാ പൊലീസ് മേധാവി വിജയ്ഭാരത് റെഡ്ഡി പരിശോധിച്ചു.







