നവംബറില്‍ കുടിശ്ശിക അടക്കം ക്ഷേമ പെന്‍ഷനായി 3600 രൂപ നല്‍കും; ‘ലോട്ടറി അടിച്ചിട്ടല്ല ഈ പ്രഖ്യാപനങ്ങള്‍’- മന്ത്രി കെഎന്‍ ബാലഗോപാല്‍

കാസര്‍കോട്: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ നവംബറില്‍ 3,600 രൂപ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോട്ടറി അടിച്ചിട്ടല്ല സര്‍ക്കാര്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവ് ആയി കാണണം. പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കും. അതില്‍ സര്‍ക്കാരിന് ആത്മ വിശ്വാസമുണ്ടെന്നു മന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി എ കെ ആന്റണിയുടെ പദ്ധതിയാണെന്ന പ്രതിപക്ഷ അവകാശവാദം തെറ്റാണ്. ക്ഷേമ പെന്‍ഷന്‍ 2000 രൂപയില്‍ 1600 രൂപയും പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ഏകദേശം 5.88 ലക്ഷം ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രകാരം ചെറിയൊരു വിഹിതം (ശരാശരി 300 രൂപ വരെ) ലഭിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ പ്രതിമാസ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നുണ്ട്. കൂടാതെ ഓണത്തോടനുബന്ധിച്ച് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കിയിരുന്നു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയിലധികം ചെലവഴിച്ചതായും മന്ത്രി വ്യക്തമാക്കി. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെ മന്ത്രി തള്ളിപ്പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയുടെ വര്‍ധനവാണ് പ്രഖ്യാപിച്ചത്. ഇതോടെ ഓണറേറിയം 6000 രൂപയില്‍ നിന്ന് 7000 രൂപയായി ഉയര്‍ന്നു. ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ഓണറേറിയം വര്‍ധനവ് ഒരു പ്രത്യേക സമരത്തിന്റെ ഫലമായല്ല, മറിച്ച് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page