കാസർകോട്: മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയെന്ന കേസിൽ ചെന്നൈ സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. തമിഴ്നാട് കള്ളകുറിച്ചി കച്ചറപാളയം സ്വദേശിനി മല്ലിക(55)യെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(1) ജഡ്ജി ടി എച്ച് രജിത ശിക്ഷിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട്, 10, 12 വയസ്സുകാരായ കുട്ടികളെ ഉപയോഗിച്ച് ഇവർ കാസർകോട് ടൗണിൽ ഭിക്ഷാടനം നടത്തിയെയാണ് പൊലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ പി അജിത് കുമാറാണ് കേസ് അന്വേഷിച്ചത്. അഡീഷണൽ സബ് ഇൻസ്പെക്ടർ കെ വി നാരായണനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.

 
								






