ചെറുവത്തൂര്‍: 64-ാമത് ചെറുവത്തൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബിക് സാഹിത്യോത്സവം നാളെ മുതല്‍ ആറു വരെ കുട്ടമത്ത് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വച്ച് നടക്കും. സബ് ജില്ലയിലെ 66 സ്‌കൂളുകളില്‍ നിന്നായി 1443 എല്‍ പി വിഭാഗം കുട്ടികള്‍, 40 സ്‌കൂളുകളില്‍ നിന്നായി 1108 യു പി വിഭാഗം കുട്ടികള്‍ 17 ഹൈസ്‌ക്കൂളുകളില്‍ നിന്നായി 1028, 14 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നായി 602 എന്നിങ്ങനെയും സംസ്‌കൃതോത്സവത്തില്‍ 739 കുട്ടികളും അറബിക് സാഹിത്യോത്സവത്തില്‍ 1223 കുട്ടികളും അടക്കം 6148 പ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കാന്‍ എത്തിച്ചേരും. പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് കലോത്സവം നടത്തുന്നത്. 10 വേദികളുണ്ട്. കാസര്‍കോടിന്റെ തനത് സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സ്മരണകളായാണ് ഓരോ വേദികളുടെയും നാമകരണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച 5 വേദികളില്‍ സ്റ്റേജ് ഇതര ഇനങ്ങള്‍ നടക്കും. നവംബര്‍ 3 ന് എം രാജഗോപാല്‍ എം.എല്‍.എ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സാഹിത്യകാരന്‍ അംബികാസതന്‍ മാങ്ങാട്, സിനിമാതാരം ചിത്ര നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നവംബര്‍ 6 ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ഗസല്‍ ഗായകന്‍ അലോഷ്യ ആദം, സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും എല്ലാ ദിവസവും ഭക്ഷണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റ ദിവസം തന്നെ ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.







