കാസര്‍കോട്: അടുത്ത ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിനു മുമ്പു എല്ലാ സര്‍ക്കാരുകളും നടത്താറുള്ളതാണെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു. ഈ പ്രഖ്യാപനങ്ങളൊക്കെ പ്രഖ്യാപനം മാത്രമായി മാറുമോ അല്ലെയോ എന്നു കണ്ടറിയേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു.
പിഎംശ്രീ വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതു തകര്‍ക്കാനും പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ തന്നെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത നീക്കമാണ് ഇതു സംബന്ധിച്ച് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഗവ. സ്‌കൂളുകള്‍ വികസിപ്പിക്കാന്‍ 1071 കോടി രൂപ കേന്ദ്രം കൊടുത്തു. കഴിഞ്ഞ വര്‍ഷവും ഇത്രയും രൂപ കൊടുത്തു. എല്ലാ വര്‍ഷവും കൊടുത്തിരുന്നു. ഇതിന്റെ ഫലമായി കേരളത്തിലെ സ്‌കൂളുകള്‍ സ്മാര്‍ട്ടായി. അതു നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അത് തകര്‍ക്കാനാണ് ഇപ്പോള്‍ ആസൂത്രിത നീക്കം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനി സംസ്ഥാനത്തെ ഗവ. സ്‌കൂളുകള്‍ക്കു വികസനം ഉണ്ടാവില്ല. ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ വേണ്ടത്രയുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലേക്കു പോവും. മാത്രമല്ല, ഒന്നാം ക്ലാസു മുതല്‍ സംസ്ഥാനത്തെ കൊച്ചു വിദ്യാര്‍ത്ഥികള്‍ വരെ അയല്‍ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലേക്കു പോകുന്ന അവസ്ഥയുമുണ്ടാവും. എന്തായാലും സംസ്ഥാനത്തെ സ്‌കൂളുകള്‍ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവില്ലെന്നു കരുതുന്നു. സാധാരണക്കാരന്റെ മക്കളാണ് ഗവ. സ്‌കൂളുകളില്‍ പഠിക്കുന്നത്. അവരുടെ ഭാവി തകര്‍ക്കണമോ എന്നു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കട്ടെ-കേന്ദ്രമന്ത്രി പറഞ്ഞു. പിഎംശ്രീ, സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതികള്‍ ഒരു വിദ്യാഭ്യാസ നയത്തിന്റെ ഭാഗങ്ങളാണ്. ഉന്നത വിദ്യാഭ്യാസ തലത്തില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഈ കേന്ദ്രനയങ്ങള്‍ നടപ്പാക്കുന്നു. അതു നല്ല കാര്യമാണ്. സ്വാഗതാര്‍ഹവുമാണ്. ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. ആ നിലവാരം തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമെന്നു തോന്നുന്നില്ലെന്നു കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ തുടര്‍ന്നു പറഞ്ഞു. വ്യാഴാഴ്ച രാവിലെ ജില്ലയിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാസര്‍കോട് ഹാര്‍ബര്‍ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മധൂരില്‍ പാറക്കട്ട ഹിന്ദു രുദ്രഭൂമി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ പുതിയ അക്കാദമി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുല്‍ അധ്യക്ഷത വഹിച്ചു.







