കാസർകോട് : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് ജില്ലയിൽ ഇന്നു നടന്ന വ്യാപക റെയ്ഡിൽ 38 കേസുകളിലായി 38 പേർ പൊലീസ് പിടിയിലായി. ഓപ്പറേഷൻ “സൈ ഹണ്ട്” എന്ന പേരിൽ ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിലാണു ജില്ലയിൽ 112 ഇടങ്ങളിൽ റെയ്ഡ് നടന്നത്. റെയ്ഡിനു സബ് ഡിവിഷൻ ഡിവൈഎസ്പി , എ എസ് പി എന്നിവർ നേതൃത്വം നൽകി. പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ മാരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ സൈബർ ക്രൈം പോലീസ്, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് -10 കേസുകൾ. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ കണ്ടെത്തിയായിരുന്നു റെയ്ഡ് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു അധികൃതർ അറിയിച്ചു.







