കാസര്‍കോട്: കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി. പയത്തിലെ റിട്ട. അധ്യാപകന്‍ ഗണപതി ഭട്ടിന്റെ വീട്ടുമുറ്റത്ത് എത്തിയ പുലി നായയെ കടിച്ചുകൊന്നു. പട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി കാട്ടിനകത്തേക്ക് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് വീട്ടുടമയായ ഗണപതിഭട്ട് പറഞ്ഞു. മൂന്നരമണിയോടെ നായയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നു ലൈറ്റിട്ടപ്പോള്‍ നായയെയും കടിച്ച് പുലി ഓടുകയായിരുന്നു. ടോര്‍ച്ചടിച്ച് പിന്നാലെ പോയപ്പോള്‍ നായയെ ഉപേക്ഷിച്ച പുലി കാട്ടിലേക്ക് ഓടിമറഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴുത്തിനു ആഴത്തില്‍ പല്ലു തറച്ചതിന്റെ മുറിവുകളുണ്ട്. ശരീരത്തിലും മുറിവുകള്‍ ഉണ്ട്. ആറു വയസു പ്രായമുള്ള ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ആണ്‍ പട്ടിയാണ് അക്രമത്തിനു ഇരയായത്. സുഖമില്ലാത്തതിനാല്‍ രാത്രിയില്‍ കൂട്ടിലാക്കിയിരുന്നില്ല. മുറ്റത്തു കിടന്നുറങ്ങിയ നായയെയാണ് പുലി പിടിച്ചത്-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബന്തടുക്ക, മാണിമൂല, കണ്ണാടിത്തോട്ടില്‍ പുലിയിറങ്ങിയിരുന്നു. പ്രസ്തുത പ്രദേശത്ത് വനം വകുപ്പ് അധികൃതര്‍ ജാഗ്രത പാലിച്ചു വരുന്നതിനിടയിലാണ് ഇരിയണ്ണി പയത്ത് പുലിയിറങ്ങിയത്.







