ഡേവിസ്
ഡോ.അബ്ദുല്‍ സത്താറിന്റെ ധര്‍മാസ്പത്രി എന്ന പുതിയ പുസ്തകം ജന സമക്ഷം എത്തിയിരിക്കയാണ്.
മുമ്പുള്ള കൃതികളേക്കാള്‍ കൗതുകവും ആകാംഷകളും അവേശവും ആശ്വാസവും വിനോദവും ഇതു വായനക്കാരില്‍ ഉളവാക്കുന്നു എന്നതില്‍ തര്‍ക്കമില്ല..
ഭാഷയില്‍ പോലും കാസര്‍കോടിന്റെ തനത് മുദ്ര പതിപ്പിക്കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചു. പുസ്തകത്തിന്റെ പേരു തന്നെ അത് വ്യക്തമാക്കുന്നു.
പുലര്‍കാല കാഴ്ചയുടെ കുളിര്‍മ്മ പകരുന്ന ഇടവഴിയിലൂടെയുള്ള യാത്രാനുഭവങ്ങള്‍ അനുവാചകരെ സ്‌നേഹത്തിന്റെ സ്പന്ദമാപിനിയില്‍ കൊണ്ടുചെന്നെത്തിക്കുന്നു.
മുത്തു കാസര്‍കോടിന്റെ അടയാളം എന്ന പുസ്തക ഭാഗത്തില്‍ ‘മുത്തു കാസര്‍കോടിന്റെ അടയാളമായിരുന്നു എന്ന ഗ്രന്ഥകാരന്റെ ഓര്‍മ്മപ്പെടുത്തല്‍ ഒരേസമയം സന്തോഷവും നൊമ്പരവും പകരുന്നു. മനുഷ്യന്റെ കപടത തിരിച്ചറിഞ്ഞ മുത്തുവിനു തെരുവുനായയുടെ സ്‌നേഹത്തിന്റെ ഭാഷ അറിയാമായിരുന്നു എന്ന ആവിഷ്‌കാരത്തിലൂടെ മൃഗങ്ങളേയും മനുഷ്യനേയും ഇന്നത്തെ മൂല്യച്യുതിയേയും എഴുത്തുകാരന്‍. മൊത്തത്തില്‍ അനുസ്മരിക്കുന്നു.
‘പോലീസുകാര്‍ തന്നെയായിരുന്നു ബന്ധുക്കള്‍’ എന്ന പ്രസ്താവന കൊണ്ട് പോലീസിന്റെ കടമയുടെ ആഴവും ഉത്തരാവാദിത്വത്തിന്റെ പരപ്പും എഴുത്തുകാരന്‍ ബോധ്യപ്പെടുത്തുകയാണ്.
വാര്‍ഡു കൗണ്‍സിലറും മുത്തുവുമായുള്ള ബന്ധം എഴുത്തുകാരന്‍ വൃക്തമാക്കുന്നില്ലെങ്കിലും ഒരു പാട് ചിന്തകളുടെ മൊട്ടുകള്‍ വിടര്‍ത്തി മാനവികതയുടെ സൗരഭ്യം പ്രസരിപ്പിക്കാന്‍ കഴിഞ്ഞു. പ്രതികരിക്കാനാവാത്തവരുടെ നാവായി, പ്രതികരണത്തിന്റെ ഒരു സ്ഫുലിംഗമായി ഗ്രന്ഥം മാറുന്നു.
കണ്ണട ധരിച്ച സ്ത്രീ അനുഭവങ്ങളുടെ മ്യൂസിയമാണ്. അറുപത് കഴിഞ്ഞ സ്ത്രീയുടെ ജീവിതം അതില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിതകാലം മുഴുവന്‍ അന്ധയായിരിക്കുന്നതിലും നല്ലതല്ലേ, പ്രകൃതിയും പച്ചപ്പും ചുറ്റുപാടും കണ്ടാസ്വദിച്ചു ജീവിക്കുക എന്ന ആരായല്‍ കാഴ്ചയുള്ളവരുടെയും ഇല്ലാത്തവരുടെയും അവസ്ഥ വായനക്കാരന്റെ മനസ്സില്‍ തറച്ചു നിറുത്തുന്നു. സുന്ദരന്‍ മര്യാദകളുടെയും ആദരവിന്റെയും നേര്‍ക്കാഴ്ചയാണ്.ജീവിതാവസ്ഥകളുടെ ശുദ്ധമായ ഓര്‍മ്മപ്പെടുത്തലുമാണെന്ന് ധര്‍മ്മാശുപത്രിയും സുന്ദരനേയും അറിഞ്ഞവര്‍ തിരിച്ചറിയുന്നു.
കാസര്‍കോടുകാര്‍ പൊതുവെ ‘അമ്മ ‘ എന്നാണ് നേഴ്‌സുമാരെ വിളിച്ചിരുന്നത് എന്ന ഓര്‍മ്മപെടുത്തല്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വെളിപ്പെടുത്തലാണ്.
മുന്‍ ആരോഗ്യമന്ത്രി ശ്രീമതി രണ്ടായിരത്തി എട്ടില്‍ സുന്ദരനെ വാര്‍ഡു ബോയ് തസ്തികയില്‍ നിയമിച്ചതു ഓര്‍മ്മിപ്പിച്ചതും എഴുത്തിലെ സത്യസന്ധത പ്രകടമാക്കുന്നു.
കാത്തിരിപ്പിലേക്ക് കടക്കുമ്പോള്‍ നിതൃജീവതം കാത്തിരിപ്പാണെന്ന്‌നാം അറിയുന്നു.
ജീവിതത്തിലെ പ്രതീക്ഷകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്,
പരലോക ജീവിതത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്,
സന്തോഷത്തിനും സന്താപത്തിനും സുഖ ദുഃഖങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ്,
ഡോക്ടറെ കാത്ത് രോഗിയുടെ കാത്തിരിപ്പ്. എത്രയെത്ര കാത്തിരുപ്പുകള്‍. അല്ലെങ്കില്‍ ജീവിതം തന്നെ കാത്തിരിപ്പല്ലേ എന്ന സംശയം ഗ്രന്ഥകാരന്‍ ബാക്കിയാക്കുന്നു. ആകാംക്ഷയോടെ
ഒരിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന പുസ്തകമാണ് ധര്‍മ്മാശുപത്രി. നല്ലൊരു ഓര്‍മച്ചെപ്പ്.








