അനുഭവം ഗുരു-എന്നൊരു ചൊല്ലുണ്ട്. പതിരില്ലാത്ത ചൊല്ല്; എന്നാല്‍ ചൊല്ലിക്കൊണ്ടേയിരിക്കുന്നതല്ലാതെ ഒന്നും പഠിക്കുന്നില്ല, പ്രയോഗിക്കുന്നില്ല.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശന യാത്രയ്ക്കായി ഒരുക്കിയ താല്‍ക്കാലിക ഹെലിപ്പാട് താഴ്ന്നു പോയി-ഹെലികോപ്ടറിന്റെ ടയറുകള്‍ അര ഇഞ്ചോളം താഴ്ന്നു. പരിഭ്രാന്തരായ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കി പോലും. പത്രവാര്‍ത്ത.
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ നിലക്കല്‍ ഹെലിപ്പാഡില്‍ ഇറക്കാനാണത്രെ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണെന്നു കണ്ടപ്പോള്‍ തീരുമാനം മാറ്റി-അവസാന നിമിഷത്തില്‍. പ്രമാടത്ത് ലാന്റ് ചെയ്യാമെന്ന് തീരുമാനിച്ചു. പക്ഷെ, അവിടെ ഹെലിപാഡ് ഇല്ല. ഇല്ലെങ്കില്‍ ഉണ്ടാക്കണം, രാഷ്ട്രപതിക്കു വേണ്ടിയല്ലേ, അന്ന് രാവിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്തു. കോണ്‍ക്രീറ്റ് കലക്കി നിരത്തിയാല്‍ പോരല്ലോ. അത് സെറ്റാകാന്‍ അതായത് ഉറയ്ക്കാന്‍ കുറച്ചു സമയമെടുക്കും. കാത്തു നില്‍ക്കണം. അത് ചെയ്തവര്‍ക്ക് അറിയാതെയല്ല; അവര്‍ അധികൃതരെ അറിയിച്ചിട്ടുണ്ടാകും അക്കാര്യം. പക്ഷെ, ആരും കേട്ടില്ല. രാഷ്ട്രപതിയെയും വഹിച്ചുള്ള ഹെലികോപ്ടര്‍ ലാന്റ് ചെയ്തു. കോണ്‍ക്രീറ്റിനുണ്ടോ വിവിഐപി ബോധം? അത് തനത് സ്വഭാവം കാട്ടി; സെറ്റായിട്ടില്ലാത്ത കോണ്‍ക്രീറ്റ് താഴ്ന്നു പോയി; ഹെലികോപ്ടറും.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് അവിടെ സംഭവിച്ചതെന്നു വിമര്‍ശനം. ആരുടെ വീഴ്ച? കോണ്‍ക്രീറ്റ് തൊഴിലാളികളുടെ? കോണ്‍ക്രീറ്റ് ചെയ്യാന്‍ കല്‍പ്പിച്ച അധികാരികളുടെ? രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ?
ഇനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളു. മരാമത്ത് വകുപ്പുദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കും. മനഃപൂര്‍വ്വം ആരെങ്കിലും ഗൂഢാലോചന നടത്തിയോ? രാഷ്ട്രപതിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആരുടെ ചുമതലയാണ്. കേന്ദ്രസര്‍ക്കാരിന്റെയോ, അതല്ല സംസ്ഥാന സര്‍ക്കാരിന്റെയോ? അന്വേഷണ കമ്മീഷനെ നിയോഗിക്കും. റിട്ടയര്‍ ചെയ്ത ഒരു ജഡ്ജിന് പണിയായി! പണവും!
ആലോചിക്കേണ്ടതായ മറ്റൊരു കാര്യം: ദൈവകോപമാണോ എല്ലാം? ശബരിമല അയ്യപ്പദര്‍ശനത്തിനാണ് രാഷ്ട്രപതി ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മു എത്തിയത്. സ്വര്‍ണ്ണപ്പാളി വിവാദം കത്തി നില്‍ക്കുന്ന സന്ദര്‍ഭം. പോറ്റിക്കളിയോ ഇതും? അന്വേഷണം അങ്ങോട്ടും തിരിയണം.
തല്‍ക്കാലം അതെല്ലാം അവിടെ നില്‍ക്കട്ടെ. മുകളില്‍ നിന്നും താഴോട്ടിറങ്ങാം-പത്തനംതിട്ടയില്‍ നിന്ന് കാസര്‍കോട്ടേക്ക്
പ്രമാടത്തിന് പകരം മൊഗ്രാല്‍പുത്തൂര്‍. വിമര്‍ശനശരം ദേശീയ പാതാ നിര്‍മ്മാണക്കരാറുകാരന് നേരെ. പാതയില്‍ ഇന്റര്‍ലോക്ക് ചെയ്ത കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകിപോലും. നടപ്പാതയിലാണത്രെ ഇളക്കമുണ്ടായത്. രണ്ടാഴ്ച മുമ്പാണ് നിര്‍മ്മാണം നടന്നത്. ഭാരമേറിയ, വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോഴാണ് ഇളക്കം സംഭവിക്കുന്നത്.
കരാറെടുത്ത കമ്പനി അശാസ്ത്രീമായ രീതിയിലാണ് നടപ്പാത നിര്‍മ്മിച്ചതെന്ന് വിമര്‍ശനം. സുപ്രിം കോടതി പോലും ഇടപെടല്‍ നടത്തിയ സാഹചര്യത്തില്‍ നടപ്പാത നിര്‍മ്മാണം കാര്യക്ഷമമാക്കേണ്ടതായിരുന്നില്ലേ എന്ന് കാല്‍നടയാത്രക്കാര്‍ ചോദിക്കുന്നു. സുപ്രിം കോടതി ഇടപെട്ടുവോ മൊഗ്രാല്‍പുത്തൂര്‍ നടപ്പാതയുടെ കാര്യത്തില്‍? അതും ആഘോഷിക്കാന്‍ യോഗ്യമായ വിഷയം. സമയം ലാഭിക്കാനും ജോലി വേഗത്തിലാക്കാനും വേണ്ടി നിര്‍മ്മാണക്കമ്പനി അശാസ്ത്രീയമായി നടപ്പാത നിര്‍മ്മിച്ചു പോലും.
ഇന്റര്‍ലോക്ക് രണ്ടാഴ്ചക്കുള്ളില്‍ ഇളകിയെങ്കില്‍ അതിനു ഒരു കാരണമേയുള്ളു. നിര്‍മ്മാണ വേളയില്‍ത്തന്നെ വാഹനങ്ങള്‍-വലിയ ഭാരമേറിയ വാഹനങ്ങള്‍ എന്ന് വാര്‍ത്തയില്‍ പറയുന്നു-അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടേയിരുന്നു. റോഡ് പണി നടക്കുന്നു; വാഹന ഗതാഗതം തല്‍ക്കാലം നിരോധിച്ചിരിക്കുന്നു. എന്നൊരു മുന്നറിയിപ്പ് പലക ഇരുഭാഗത്തും സ്ഥാപിക്കാറുണ്ട് റോഡ് പണി നടക്കുമ്പോള്‍. ആരും വകവെക്കാറില്ല; എങ്കിലും ഒരു ചടങ്ങ്. മൊഗ്രാല്‍പുത്തൂരില്‍ മാത്രമല്ല, നമ്മുടെ തൊട്ടടുത്തും കാണാം-തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടന്ന റോഡ് നിര്‍മ്മാണങ്ങളുടെ മേന്മ. റോഡിലൂടെ ചെരിപ്പിട്ടു നടന്നതിന്റെ സാക്ഷ്യപത്രങ്ങള്‍! നഗ്‌ന പാദങ്ങളുടെ നേരടയാളങ്ങളും. കടന്നുപോയ വാഹനങ്ങളുണ്ടാക്കിയ ടയര്‍ക്കുഴികളും. അവിടെയും എഴുതി വെച്ചിട്ടുണ്ടാകും നിങ്ങള്‍ സിസിടിവി ക്യാമറയുടെ നിരീക്ഷത്തിലാണ് എന്ന്. ക്യാമറ വച്ചാല്‍ പോര, അതില്‍ കാണുന്നവര്‍, നിരോധനം ലംഘിച്ചവര്‍, ആരൊക്കെയാണെന്ന് കണ്ടുപിടിക്കണം. കേസെടുത്ത് ശിക്ഷിക്കണം. പണി പൂര്‍ത്തിയായി, ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ള സമയപരിധി കടക്കും മുമ്പെ അതുവഴി കടന്നു പോയവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം-മറ്റുള്ളവര്‍ക്ക് പാഠമാകാന്‍.
നിര്‍മ്മാണ വിശേഷങ്ങള്‍ ഇങ്ങനെ. പ്രമാടം വാര്‍ത്ത തന്നെ പ്രമാദം എന്ന് മറ്റൊരു വാര്‍ത്തയും കാണാനിടയായി. സത്യാന്വേഷണം ആ വഴിക്കും നടക്കട്ടെ. അതും വാര്‍ത്ത!
പ്രമാടം പ്രമാദമായോ?








