ഫരീദാബാദ്: സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരന്‍ ആത്മഹത്യ ചെയ്തു. ഡിഎവി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു. ഒരാള്‍ വാട്‌സാപ്പിലൂടെ പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തുവെന്നും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും നിര്‍മിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുറച്ചുദിവസമായി ഭക്ഷണം പോലും കഴിച്ചിരുന്നില്ല. എപ്പോഴും ചിന്തയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ച് 20,000 രൂപ ആവശ്യപ്പെട്ട ‘സാഹില്‍’ എന്ന വ്യക്തിയുമായി രാഹുല്‍ സംസാരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് സാഹില്‍ രാഹുലിന് ഒരു ലൊക്കേഷന്‍ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. കുറേ ഓഡിയോ സന്ദേശവും വിഡിയോ സന്ദേശവും വാട്‌സാപ്പിലൂടെ അയച്ചിരുന്നു. അവസാന സംഭാഷണത്തില്‍, പണം നല്‍കിയില്ലെങ്കില്‍ എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് സാഹില്‍ ഭീഷണിപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. ഇതില്‍ ഭയന്നായിരിക്കും രാഹുല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ശനിയാഴ്ചയാണ് ഉറക്കുഗുളിക കഴിച്ച് രാഹുല്‍ ജീവനൊടുക്കിയത്. ബന്ധുവായ നീരജ് ഭാരതി എന്നയാള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







