കാസര്‍കോട്: നാളെ തുലാപ്പത്ത്. കടുത്ത വര്‍ണങ്ങളില്‍ തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടുന്ന, ഉത്തരമലബാറിലെ തെയ്യക്കാലത്തിന് തുടക്കമാകും. നാലുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളില്‍ ആളും ആരവവും നിറയും. തുലാം മാസത്തിലെ പത്തിനാണ് പത്താമുദയം. വടക്കന്‍ കേരളം പത്താമുദയത്തെ വരവേല്‍ക്കുന്നതു തെയ്യാട്ടക്കാലത്തെ മുന്നില്‍ കണ്ടാണ്. തുലാപത്തു മുതല്‍ കോലധാരികള്‍ക്ക് ഇനി വിശ്രമമില്ലാത്ത നാളുകളായിരിക്കും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ്, കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രം ചാത്തമ്പള്ളി വിഷകണ്ഠന്‍ എന്നിവടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം ആരംഭിക്കുന്നത്.. അസുരവാദ്യമായ ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം തട്ടകങ്ങളില്‍ തുള്ളിയുറയുന്ന തെയ്യക്കോലങ്ങള്‍ ഒരു ദേശത്തിനാകെ അനുഗ്രഹം ചൊരിയും. വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതവുമായി അടുത്തുനിന്ന അനുഷ്ഠാന കലാരൂപം കൂടിയാണ് തെയ്യം. ഓരോ തെയ്യത്തിനും വേഷവിധാനങ്ങളും ചമയങ്ങളും വ്യത്യസ്തമാണ്. തെയ്യക്കാലത്തിന് മുന്നോടിയായി ആടയാഭരണങ്ങളും ചമയങ്ങളും നിര്‍മിക്കുന്ന തിരക്കിലാണ് കോലക്കാരുള്ളത്.

തെയ്യം കലാകാരന്മാര്‍ ചമയങ്ങള്‍ ഒരുക്കുന്നത് ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ്. മരം, ലോഹം, മയില്‍പ്പീലി, തുണി, മുള, കുരുത്തോല, വാഴപ്പോള എന്നിവക്കൊപ്പം പുഷ്പങ്ങളും ചമയങ്ങളില്‍ ഉപയോഗിക്കുന്നു. ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങള്‍ വ്യത്യസ്തമാണ്. നിറത്തിലും രൂപത്തിലും ആകൃതിയിലും വൈവിധ്യങ്ങള്‍ നിറച്ചാണ് തെയ്യങ്ങള്‍ അരങ്ങിലെത്തുക. ഓരോ തെയ്യക്കോലത്തിലും നൃത്തവും ഗീതവും വാദ്യവും ശില്‍പകലയുമെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കേരളത്തിലെ 500 ഓളം തെയ്യക്കോലങ്ങളില്‍ 150 ഓളം കോലങ്ങള്‍ മലബാറില്‍ കെട്ടിയാടുന്നുണ്ട്. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍, മുത്തപ്പന്‍, ഗുളികന്‍ തെയ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടുന്നു. 10 ഓളം ദേവസ്ഥാനങ്ങളില്‍ ഇക്കുറി വയനാട്ടുകുലവന്‍ തെയ്യക്കോലം അരങ്ങിലെത്തും. കോലക്കാര്‍ക്ക് പുറമെ ക്ഷേത്ര ആചാരക്കാര്‍, വാല്യക്കാര്‍, ചന്തക്കാര്‍ എന്നിവര്‍ക്കെല്ലാം ഇനി തിരക്കേറിയ ദിനങ്ങളാണ്.








