കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015 ല്‍ ആനക്കൊമ്പുകള്‍ ഡിക്ലയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയും തുടര്‍ന്ന് 2016 ജനുവരി 16നു ചീഫ് വൈല്‍ഡ് ലൈഫ്
വാര്‍ഡന്‍ മോഹന്‍ലാലിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു.
2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹന്‍ലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.








