കാസര്‍കോട്: വീടിനു സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ച 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഉള്ളാള്‍ തെക്കോട്ടെ സനോഹറി (35)നെ ആണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എ.എസ്.പി എം നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു അറസ്റ്റ്. ഒക്ടോബര്‍ എട്ടിനാണ് സുള്യമയിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയും പിടികൂടിയത്. കേസില്‍ മൈസൂരു സ്വദേശിയായ സിദ്ധഗൗഡയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സൂത്രധാരന്‍ സെനോഹര്‍ ആണെന്ന് വ്യക്തമായത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് ട്രാക്ക് ചെയ്തപ്പോള്‍ മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ ചില ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ആയി പണമിടപാട് നടത്തുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മൈസൂരില്‍ വച്ച് പിടികൂടിയത്. കര്‍ണാടക, ആന്ധ്രപ്രദേശ്, കേരളം, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സനോഹര്‍ എന്ന പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ് ഐ രതീഷ് ഗോപി, എ എസ് ഐ സിവി ഷാജു, സിപിഒ സജീഷ് എന്നിവരും ഉണ്ടായിരുന്നു.







