ദുബായി: ഗോൾഡൻ വീസ ലഭിച്ചിട്ടുള്ള മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ(18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് കുഴഞ്ഞു വീണത്. വൈഷ്ണവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് ദുബായ് പൊലീസ് ഫൊറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വി.ജി. കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ. നേരത്തെ ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ ഹെഡ് ഓഫ് സ്കൂൾ കൗൺസിൽ ആയിരുന്നു. കൂടാതെ മോഡൽ യുണൈറ്റഡ് നേഷൻസ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വൈഷ്ണവിന്റെ മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. വൈഷ്ണവിന്റെ ആകസ്മിക വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അധ്യാപകരെയും ഞെട്ടിച്ചു.
