മൊഗ്രാല്‍: ദേശീയപാത 66ല്‍ തലപ്പാടി-ചെങ്കള റീച്ചിലെ നടപ്പാത നിര്‍മ്മാണത്തിനെതിരെ പരാതികള്‍ വ്യാപകമാവുന്നു. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും നടപ്പാതകളുടെ ജോലികള്‍ നടന്നു വരികയും ചെയ്യുന്നതിനിടയില്‍ ഇന്റര്‍ലോക്കുകള്‍ ഇളകി തുടങ്ങിയതാണ് കാല്‍നടയാത്രക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
മൊഗ്രാല്‍ ലീഗ് ഓഫീസ് പരിസരത്താണ് ഇത്തരത്തില്‍ ഇന്റര്‍ ലോക്കുകള്‍ ഇളകി ഉദ്ഘടനത്തിന് മുമ്പേ നടപ്പാതയുടെ തകര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നിര്‍മ്മിച്ചതാണ് നടപ്പാത. മണ്ണുകള്‍ ഇളക്കി ഇന്റര്‍ലോക്കുകള്‍ പാകാതെ ഒപ്പിക്കലില്‍ നിര്‍മ്മിച്ച നടപ്പാതകളാണ് തകര്‍ച്ച നേരിടുന്നത്. ഇത്തരത്തില്‍ ‘തട്ടിക്കൂട്ടി’ നടപ്പാത നിര്‍മ്മിച്ചുവെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു അധികൃതരെന്നാണ് ആക്ഷേപം ഉയരുന്നത്.
