കാസര്‍കോട്: പുലിക്കുന്നു ജഗദംബ ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച.
ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ക്ഷേത്രത്തിന്റെ സേവാകൗണ്ടര്‍, ക്ഷേത്ര കമ്മിറ്റി ഓഫീസ് സ്റ്റോര്‍ റൂം എന്നിവയുടെ പൂട്ടു പൊളിച്ചിട്ടുണ്ട്. സോവാ കൗണ്ടറില്‍ നിന്ന് 1000 രൂപ കവര്‍ന്നതായി പറയുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ഹാര്‍ഡ് ഡിസ്‌കിന്റെ റിസീവര്‍ മോഷ്ടാക്കള്‍ ഇളക്കിയെടുത്തു.ഇതു ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറിനുള്ളില്‍ നിന്നു കണ്ടെടുത്തു. ക്ഷേത്രത്തിലെ മൈക്ക് സെറ്റിന്റെ ആപ്ലിഫയര്‍ അപഹരിച്ചെങ്കിലും അതു ക്ഷേത്രത്തിനു പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നു പറയുന്നു. സ്റ്റോര്‍ റൂമിന്റെയും പൂട്ടു പൊളിച്ചു.
ക്ഷേത്ര കവര്‍ച്ചയെക്കുറിച്ചു ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി സുജിത് കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. നാടു മുഴുവന്‍ അമ്പലം വിഴുങ്ങല്‍ വ്യാപകമായിക്കൊണ്ടിരിക്കെ പുലിക്കുന്നിലുണ്ടായ കവര്‍ച്ച വിശ്വാസികളെ അങ്കലാപ്പിലാക്കുന്നു.
അതേസമയം ശനിയാഴ്ച രാത്രി കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോക്കു മുന്നിലുള്ള നാഗക്കട്ടയുടെ ഭണ്ഡാരം മോഷ്ടിക്കാനും ശ്രമമുണ്ടായതായി പറയുന്നു. നാഗര്‍ക്കട്ടയില്‍ നിന്നും മറ്റൊന്നും കാണാതാവാതിരുന്നതു കൊണ്ടു പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

