റാഞ്ചി: വെജിറ്റേറിയൻ ബിരിയാണി ആവശ്യപ്പെട്ട ഉപഭോക്താവിന് നോൺ–വെജ് ഭക്ഷണം നൽകിയതിന്റെ പേരിൽ ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെ–പിതോറിയ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്വ സ്വദേശി വിജയ് കുമാർ നാഗ് (47)ആണ് കൊല്ലപ്പെട്ടത്. രാത്രിയിൽ ഹോട്ടലിൽ എത്തിയ ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഹോട്ടലിലെ ജീവനക്കാർ ബിരിയാണി പാഴ്സൽ നൽകുകയുമായിരുന്നു. പാഴ്സലുമായി പോയ ഇയാൾ, കുറച്ചു സമയത്തിനുശേഷം ഒരു സംഘം ആളുകൾക്കൊപ്പം തിരികെ എത്തി. വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണിയാണ് നല്‍കിയെന്ന് ആരോപിച്ച് ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കി. ഈ സമയം ഹോട്ടിലിലെ മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഹോട്ടൽ ഉടമ. കൂട്ടത്തിലൊരാൾ ഉടമയ്ക്ക് നേരെ വെടിയുതിർത്തു. നെഞ്ചിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെട്ടു. വിജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
