‘നളിനി’യുടെ സങ്കട ഹര്‍ജി ഇന്നും പ്രസക്തം!

നാരായണന്‍ പേരിയ

‘തന്നതില്ല, പരനുള്ളുകാട്ടുവാന്‍
ഒന്നുമേ, നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമാകയാല്‍,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍’
(മഹാകവി കുമാരനാശാന്റെ ‘നളിനി’)

തന്റെ ഉള്ളിലുള്ളത് അന്യന് കാണിച്ചു കൊടുക്കാന്‍, ഉപായമില്ല; ഉണ്ട്- ഭാഷ. എന്നാല്‍ അതും അപൂര്‍ണം; അര്‍ത്ഥശങ്കയുണ്ടാക്കും, പറഞ്ഞതാകില്ല, ശ്രോതാവ് മനസ്സിലാക്കുക; മറ്റൊന്നായിരിക്കും. മറ്റൊരാളുടെ ഉള്ളറിയാനും ഇതുപോലെതന്നെ ഉപായമില്ല.
കുറ്റാന്വേഷകരെ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതാണ്. ഒരു കുറ്റം സംബന്ധിച്ചു പരാതികിട്ടിയാല്‍, ആരാണ് അത് ചെയ്തത് എന്ന് അന്വേഷിച്ച്, ശരിയായ കുറ്റവാളിയെ കണ്ടുപിടിച്ച് കോടതിയിലെത്തിക്കേണ്ടത് കുറ്റാന്വേഷകരായ പോലീസാണല്ലോ. അന്വേഷണ റിപ്പോര്‍ട്ടും കുറ്റാരോപിതന്റെ മൊഴിയും വിലയിരുത്തി കോടതി വിധി പറയും. അതില്‍ തൃപ്തിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാം. അത് വിലയിരുത്തി മേല്‍ക്കോടതി യുക്തമായത് ചെയ്യും- കീഴ്‌ക്കോടതി വിധി ശരിയോ തെറ്റോ എന്ന് പറയും.
കീഴ്‌ക്കോടതിയുടെ വിധി തെറ്റ് എന്ന് പറഞ്ഞ് പുതിയ വിധി; അതല്ലാതെ അതെഴുതിയ ന്യായാധിപന്റെ വിവരക്കേടാണ് അതിന് കാരണമെന്ന് പറയാറുണ്ടോ? തെറ്റായ വിധി പറഞ്ഞ ‘വിവരദോഷി’യെ പരിശീലനത്തിനയക്കാറുണ്ടോ?
വിധി പിഴച്ചു; ജഡ്ജിയെ നിയമപരിശീലനയക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. (മാതൃഭൂമി- 15.10.2015) എന്ന റിപ്പോര്‍ട്ട് വായിച്ചപ്പോള്‍, അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഉത്തരവ് എന്ന് തോന്നി.
തമിഴ്‌നാട്ടിലെ ദിണ്ടിക്കല്‍ ജില്ലയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജിയെ ആണ് ജഡീഷ്യല്‍ അക്കാദമിയില്‍ പരിശീലനത്തിനയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത.് എത്രകാലത്തെ പരിശീലനം കൊണ്ട് ആവശ്യമായ ന്യായബോധം ഉണ്ടാകും? പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആകാനുള്ള യോഗ്യതയുണ്ട് എന്ന് ബോധ്യപ്പെട്ടിട്ട് വേണമായിരുന്നു തിരഞ്ഞെടുപ്പും നിയമനവും. അതില്‍ വീഴ്ച വരുത്തിയവരും തെറ്റുകാരല്ലേ?
കേസ് ഇതാണ്: പത്താംതരം വിദ്യാര്‍ത്ഥിനിയെ കാണാനില്ല എന്ന് പരാതി 2022 മെയ് ഒന്നിന് പൊലീസിനു ലഭിച്ചു. അന്വേഷണത്തിനിടയില്‍ ഒക്ടോബര്‍ 10ന് പെണ്‍കുട്ടി തിരിച്ചെത്തി. എവിടെയായിരുന്നു അഞ്ചുമാസക്കാലം? ഒരു യുവാവുമായി പ്രണയത്തിലായിരുന്നു; അയാളോടൊപ്പം തിരുപ്പൂരില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിയുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്വയം പോയതാണെങ്കിലും പ്രായം തികഞ്ഞിട്ടില്ലല്ലോ.
അപ്പീല്‍ വിചാരണയില്‍, പെണ്‍കുട്ടി മൊഴിമാറ്റിപ്പറഞ്ഞു. യുവാവിനെ തനിക്ക് അറിയില്ല; മുമ്പ് കണ്ടിട്ടില്ല. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി തെറ്റായ മൊഴി നല്‍കിയതാണ് എന്ന്. ആദ്യത്തെ മൊഴി തെറ്റാണെന്ന് തിരിച്ചറിയാതെ ശിക്ഷ വിധിച്ചത് ശരിയായില്ല എന്ന് പറഞ്ഞാണ് ജഡ്ജിയെ പ്രത്യേക പരിശീലനത്തിനയക്കാന്‍ നിര്‍ദ്ദേശിച്ചത.്
പഴയ ഒരു കേസ് ഓര്‍മ്മയിലെത്തി: എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ നഴ്‌സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത്, ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപണം. (2005 ഒക്ടോബര്‍) ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും റാഗിംഗ് നിരോധന നിയമവും പ്രകാരം കേസെടുത്തു.റാഗിംഗ് നടക്കുന്നു എന്നറിഞ്ഞിട്ടും അതിനെതിരെ നടപടിയെടുക്കാതിരുന്ന കോളേജ് പ്രിന്‍സിപ്പലിനെയും ഡയറക്ടറെയും പ്രതികളാക്കി അവര്‍ക്കെതിരെയും കേസെടുത്തു. പീഡിതയായ വിദ്യാര്‍ത്ഥിനിക്ക് അമിതമായ തോതില്‍ മയക്കുമരുന്ന് നല്‍കി മയക്കി, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് അവര്‍ക്കെതിരെയും കേസ്.
പ്രതികള്‍ കുറ്റം നിഷേധിച്ചു. അവര്‍ക്ക് അനുകൂലമായി നാല് വിദ്യാര്‍ഥിനികള്‍ പത്രസമ്മേളനം നടത്തി. കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് (ഉമ്മന്‍ചാണ്ടിക്ക്)നിവേദനം നല്‍കി. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് സിബിഐ ഒഴിഞ്ഞു.
പരാതിക്കാരിയെയും പ്രതികളെയും നുണ പരിശോധനയ്ക്ക് (പോളിഗ്രാഫ് ടെസ്റ്റ്) വിധേയരാക്കണം എന്ന് ഒന്നാം പ്രതിയുടെ പിതാവ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ വീണ്ടുമൊരു തെളിവെടുപ്പും ടെസ്റ്റും സാധ്യമല്ലെന്നും, അതിന് അധികാരമില്ലെന്നും മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി മറുപക്ഷം.
ജസ്റ്റീസ് ജെ എം ജയിംസ് ക്രിമിനല്‍ പെറ്റീഷന്‍ പരിഗണിച്ച് വിധി പറഞ്ഞു. പരാതിക്കാരിയെയും പ്രതികളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണം. നാര്‍ക്കോടെസ്റ്റ് വേണ്ടാ- അത് ആരോഗ്യത്തിന് ഹാനികരമാകയാല്‍. സിബിഐ അന്വേഷണവും വേണ്ട.
സ്ത്രീ പീഡന കേസുകളില്‍ പരാതിക്കാരിയുടെ ആദ്യമൊഴിയാണ് പരമപ്രധാനം എന്നും അത് വിശ്വസനീയമെങ്കില്‍ വേറെ തെളിവില്ലെങ്കില്‍ പോലും പ്രതിയെ ശിക്ഷിക്കാം എന്നും സുപ്രീം കോടതിയുടെ വിധിയുണ്ട്. (പഞ്ചാബ് സ്റ്റേറ്റ്- ഗുര്‍മീത് സിംഗ് കേസില്‍).
എന്നിട്ടും ഇവിടെ ഹൈക്കോടതി ‘ബ ബ്ബ ബ്ബ!’ ‘നളിനി’യുടെ സങ്കട ഹര്‍ജി ഓര്‍മ്മിപ്പിച്ചാലോ?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page