കൊല്ലം: നാടോടിക്കാറ്റ് സിനിമയില്‍ ദാസനും വിജയനും പശുവിനെ വാങ്ങി വെട്ടിലായതുപോലെ, പശുക്കച്ചവടത്തിലെ തട്ടിപ്പില്‍ ഉപഭോക്തൃ തകര്‍ക്ക പരിഹാര ഫോറത്തിന്റെ ഇടപെടല്‍.
പറഞ്ഞത്രയും പാല്‍ ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്ന്, പശുവിനെ വാങ്ങിയ ആള്‍ക്ക് 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 12 പന്ത്രണ്ട് ലിറ്റര്‍ പാല്‍ കിട്ടുമെന്ന് ഉറപ്പിച്ച് കച്ചവടം ചെയ്ത പശുവിന് ആറ് ലിറ്റര്‍ മാത്രം കിട്ടിയെന്നാണ് പരാതി.
കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തില്‍ രമണന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇടനിലക്കാര്‍ വഴി
56,000 രൂപ നല്‍കിയാണ് ഗര്‍ഭിണിയായ പശുവിനെ രമണന്‍ വാങ്ങിയത്. 12 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന ഉറപ്പിന്മേലാണ് കച്ചവടം നടന്നത്. 2023 മാര്‍ച്ച് 11 ന് പശു പ്രസവിച്ചു. മൂന്നുമാസം പശുവിനെ കറന്നെങ്കിലും 6 ലിറ്ററില്‍ കൂടുതല്‍ പാല്‍ ലഭിച്ചില്ല. പരാതിയുമായി ഇടനിലക്കാരനെയും വിറ്റവരെയും സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. വിലയായി നല്‍കിയ 56,000 രൂപയും മാനസിക സംഘര്‍ഷം കണക്കിലെടുത്ത് 26,000 രൂപയം കോടതി ചിലവ് ഇനത്തില്‍ 10,000 രൂപയും നല്‍കണമെന്നാണ് കമ്മിഷന്റെ ഉത്തരവ്. 45 ദിവസത്തിനകം തുക കൊടുക്കണം. ഇല്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശ കണക്കാക്കി കൊടുക്കേണ്ടി വരും. ആറ്റുവാശേരി കാഞ്ഞിരംവിള കുരുവിണവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയും ഭാര്യ ജയലക്ഷ്മിയും ആണ് പശുവിനെ രമണന് വിറ്റത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. പ്രവീണ്‍. പി പൂവറ്റൂര്‍ ഹാജരായി.
