കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലാത്തടത്ത് മാവോയ്‌സ്റ്റ് പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്ന് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം. വെള്ളരിക്കുണ്ട് പൊലീസും വിവിധ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാത്തടം ബസ് വെയ്റ്റിംഗ് ഷെഡില്‍ മൂന്ന് പോസ്റ്ററുകള്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോള്‍ സമീപത്തെ മതിലുകളിലും പോസ്റ്ററുകള്‍ പതിച്ചതായി കണ്ടെത്തി. ഉടന്‍ തന്നെ എല്ലാ പോസ്റ്ററുകളും പൊലീസ് നീക്കം ചെയ്തു. കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.
അതേസമയം പോസ്റ്റര്‍ പതിച്ച സംഭവം അധികൃതരെ ഞെട്ടിച്ചു. കാസര്‍കോട് ജില്ലയില്‍ മാവോയ്‌സ്റ്റ് പ്രവര്‍ത്തകരോ, പ്രവര്‍ത്തനമോ ഇല്ലാ എന്ന വിലയിരുത്തലിലായിരുന്നു അധികൃതര്‍. പോസ്റ്റര്‍ പതിച്ച സാഹചര്യത്തില്‍ രഹസ്യാന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.







