കുമ്പള: അമീബിയയെ വംശനാശം ചെയ്യുന്നതിനു കുമ്പളയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കുടിവെള്ള ടാങ്കു തുറന്നു വിട്ടതിനെ തുടര്‍ന്നു കുമ്പള പരിസരങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരത്തു കൂടി കുത്തിയൊഴുകിയ വെള്ളം ഗോപാലകൃഷ്ണ ക്ഷേത്രം വരെ എത്തി. വഴിനീളെയുള്ള വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടായെന്നും പരാതിയുണ്ട്.
ഇതിനെക്കുറിച്ചു വാട്ടര്‍ അതോറിറ്റി ജീവനക്കാരോടു കോണ്‍. നേതാവു ലക്ഷ്മണ പ്രഭു ബന്ധപ്പെട്ടു. ഒരബദ്ധം പറ്റിപ്പോയതാണെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും അവര്‍ മറുപടി പറഞ്ഞതായി പ്രഭു പറഞ്ഞു. കുമ്പളയിലും പരിസരത്തും അമീബിയ രോഗാണുബാധ ഉണ്ടാകാതിരിക്കാനാണ് ടാങ്ക് തുറന്നു വിട്ട ശേഷം അതിനുള്ളില്‍ അമീബിയ അണുക്കള്‍ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നുറപ്പാക്കാന്‍ അതു കഴുകി വൃത്തിയാക്കിയതെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. ഇനി കുമ്പളയില്‍ ആര്‍ക്കും അമീബിയയെ പേടിക്കേണ്ടിവരില്ല. മാത്രവുമല്ല മൂന്നര ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്ക് പൊളിച്ചു കളയാന്‍ പോവുകയാണെന്നും അതിന്റെ കാലാവധി കഴിഞ്ഞതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമീബിയ ഒറ്റകോശ രോഗാണുക്കള്‍ ശുദ്ധജലത്തിലാണ് പെരുകുന്നത്. അതുകൊണ്ടു ശുദ്ധജല ടാങ്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ക്ലീന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതും ടാങ്കു മുന്നറിയിപ്പില്ലാതെ തുറന്നു വിടാന്‍ ഇടയാക്കുകയായിരുന്നു-ജീവനക്കാര്‍ പറഞ്ഞു.







