കാസര്‍കോട്: അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ‘റെഡ് ഫോര്‍ട്ട് ഫയര്‍വര്‍ക്‌സി’ല്‍ പൊലീസ് റെയ്ഡ്. ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പടക്കങ്ങള്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കക്കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട്, കൂഡ്‌ലുവിലെ നസീമ (42)യുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയില്‍ എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. അനുവദിച്ചതിലും കൂടുതല്‍ പടക്കങ്ങള്‍ സ്‌റ്റോക്ക് റൂമില്‍ ഉദാസീനമായി സൂക്ഷിച്ചതായി കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ദീപാവലി ആഘോഷത്തിന്റെയും തെയ്യാട്ടക്കാലം ആരംഭിക്കുന്നതിന്റേയും മുന്നോടിയായാണ് പടക്കകടകളില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നീലേശ്വരം വീരര്‍കാവ് കളിയാട്ടത്തില്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ അപകടത്തില്‍ ആറുപേര്‍ മരണപ്പെട്ട സംഭവവും ഇപ്പോഴത്തെ പരിശോധനയ്ക്ക് കാരണമായതായാണ് സൂചന.
അതേസമയം കൂഡ്‌ലുവില്‍ പടക്കങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടം പൊലീസ് സീല്‍ ചെയ്തു. ടൗണ്‍ പൊലീസാണ് സീല്‍ ചെയ്തത്. കെട്ടിടം ഇന്നു തുറന്നു പരിശോധിക്കും.







