കാസര്‍കോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തു പരസ്പരം ഏറ്റുമുട്ടിയ ആള്‍ കൂട്ടത്തെ പൊലീസ് ലാത്തി വീശി വിരട്ടി ഓടിച്ചു. സംഭവത്തില്‍ കുമ്പള പൊലീസ് 50പേര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 7.30മണിയോടെയാണ് സംഭവം. കലോത്സവത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
സ്‌കൂള്‍ പരിസരത്തു നിന്നു ആരംഭിച്ച പ്രശ്‌നം ദേശീയപാതവരെയെത്തി. ഇതിനിടയില്‍ വിവരം അറിഞ്ഞ് എത്തിയ കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും ആള്‍ക്കൂട്ടത്തെ ലാത്തി വീശിയാണ് ഓടിച്ചതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തിലും പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30മണിയോടെ സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പ്രിന്‍സിപ്പാള്‍ കെ പ്രേമലത നല്‍കിയ പരാതിയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.







