കാസര്‍കോട്: കെഎസ്ആര്‍ടിസി ബസിനെ പ്രതീക്ഷിച്ചു ടൗണില്‍ എത്തിയാല്‍ കുടുങ്ങിയതു തന്നെയെന്നു യാത്രക്കാര്‍ പരിതപിക്കുന്നു. സന്ധ്യയായാല്‍ ചന്ദ്രഗിരി കെഎസ്ടിപി റോഡില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കും ചെര്‍ക്കള ദേശീയപാത വഴി കണ്ണൂരിലേക്കും ബസ്സുകള്‍ ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്.
ബസ് പ്രതീക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലേക്ക് എത്താന്‍ ഇത് മൂലം യാത്രക്കാര്‍ ഭയപ്പെടുന്നു. ചെര്‍ക്കള ദേശീയപാത, ചന്ദ്രഗിരി- കാഞ്ഞങ്ങാട് റൂട്ടുകളിലും രാത്രി പത്തുമണിവരെയെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ അത് അവഗണിക്കുകയാണെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു. മറ്റു സജീവ പ്രശ്‌നങ്ങളിലെന്ന പോലെ ഇക്കാര്യത്തിലും ജനപ്രതിനിധികളും ഇഞ്ചി കടിച്ചിരിക്കുകയാണെന്ന ആക്ഷേപവും യാത്രക്കാര്‍ക്കുണ്ട്.
ദൂരെ ദിക്കുകളില്‍ നിന്ന് കാസര്‍കോട്ടെത്തുന്നവര്‍ സന്ധ്യയാകുമ്പോഴേക്കും മടങ്ങിപ്പോകാന്‍ ബസ് കിട്ടാതെ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു യാത്രക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഡീസല്‍ വിതരണം മുടങ്ങിയത് മൂലം ഈ റൂട്ടുകളില്‍ ഇന്നലെയും ഏതാനും സര്‍വീസുകള്‍ മുടങ്ങുകയും യാത്രാദുരിതം വര്‍ദ്ധിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസിയെ പ്രതീക്ഷിച്ചെത്തിയ യാത്രക്കാര്‍ വന്‍ തുക ഓട്ടോ ചാര്‍ജ് കൊടുത്താണ് നാട്ടിലേക്ക് മടങ്ങിയത്. ‘പാങ്ങുള്ള ബസാര്‍ ചേലുള്ള ബസാര്‍’എന്ന പേരില്‍ നഗരസഭ നടപ്പിലാക്കിയ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നഗരത്തില്‍ രാത്രി 10 മണി വരെയെങ്കിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനും കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താനും തയ്യാറാകണമെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. നഗരസഭയും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇപ്പോള്‍ രാത്രി 8 മണിയാകുമ്പോള്‍ തന്നെ കടകള്‍ പൂട്ടി പോകുന്നു. ബസ് സര്‍വീസുകളുമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് വ്യാപാരികളും, യാത്രക്കാരും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.







