കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതിക്ക് കൂടി പരോള്‍ ലഭിച്ചു. കേസിലെ 15-ാം പ്രതിയും കല്യോട്ട് സ്വദേശിയുമായ സുര എന്ന വിഷ്ണു സുരേന്ദ്രനാണ് പരോള്‍ അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍ അനുവദിച്ചത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബന്ധുവീട്ടിലാണ് പരോള്‍ കാലത്ത് വിഷ്ണുസുര താമസിക്കുക.
കേസിലെ ഒന്നാം പ്രതിയായ പീതാംബരന്‍, മറ്റു പ്രതികളായ അശ്വിന്‍, ഗിജിന്‍, ശ്രീരാഗ്, രഞ്ജിത്ത്, സജു എന്നിവരും പരോളിലാണ്. അനില്‍ കുമാര്‍, സുധീഷ് എന്നിവര്‍ പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ പോയി. ഇനി കണ്ണൂര്‍, ചപ്പാരപ്പടവ് സ്വദേശിയായ സുരേഷിനു മാത്രമാണ് ജാമ്യം ലഭിക്കാന്‍ ബാക്കിയുള്ളത്. ഇയാളുടെ പരോള്‍ അപേക്ഷയും പരിഗണനയിലാണ്.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.







