കാസർകോട്: കുട്ടികളുണ്ടാവാൻ ഇടയില്ലാത്ത വീട്ടിൽ 26 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പെട്ടെന്നുള്ള സാന്നിധ്യം നാട്ടുകാരെ അമ്പരപ്പിച്ചു. നാട്ടുകാർക്ക് തോന്നിയ അതിശയം കാട്ടുതീ പോലെ പടർന്നതിനെത്തുടർന്ന് പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. കുട്ടിയുടെ യഥാർത്ഥ മാതാവിനെയും വളർത്തമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം കുട്ടിയെ യഥാർത്ഥ മാതാവിനു തിരിച്ചു കൊടുത്തതായി അറിയുന്നു. കുഞ്ഞിനെ വിറ്റതാണോ, അല്ലയോ എന്ന് അന്വേഷിക്കുമെന്ന് പറയുന്നു. കുട്ടിയെ വിൽക്കൽ വാങ്ങൽ നടത്തിയതാണെന്ന് പരാതിയില്ല. മാത്രമല്ല ഇത് സംബന്ധിച്ച് പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് അന്വേഷണത്തെ വഴിമുട്ടിക്കുമോ എന്നു സംശയവുമുണ്ട്. പടന്നയ്ക്കടുത്തെ ഒരു വീട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്. സംശയത്തിന്റെ പിൻബലത്തിൽ പ്രസ്തുത വീട്ടിൽ നേരിട്ട് എത്തി അന്വേഷിച്ച നാട്ടുകാരോട് വീട്ടുകാർ സംഭവം വിവരിച്ചു. കണ്ണൂർ പിലാത്തറയിലെ ഒരു വീട്ടിലാണ് കുട്ടി ജനിച്ചതെന്നും ഭർത്താവ് അല്ലാത്ത മറ്റൊരാളുടെ കുട്ടി ആയതിനാൽ മറ്റാരും അറിയാതെയാണ് വീട്ടുകാർ കുട്ടിയെ വളർത്തിയിരുന്നതെന്നും അടുത്ത ദിവസങ്ങളിൽ ആ വീട്ടിൽ ബന്ധുക്കൾ ഒത്തുകൂടുന്ന ഒരു ചടങ്ങ് നടക്കാനിരിക്കുകയാണെന്നും അപ്പോൾ ബന്ധുക്കൾ ആരെങ്കിലും കുട്ടിയെ കുറിച്ച് ചോദിച്ചാൽ ഉണ്ടായേക്കാവുന്ന മാനഹാനി ഭയന്നാണ് ചടങ്ങു കഴിയുന്നതുവരെ കൂട്ടിയെ സംരക്ഷിക്കാൻ പടന്നയിലെ സ്ത്രീയെ ഏൽപ്പിച്ചതെന്നുമാണ് നാട്ടുകാർക്കും പോലീസിനും ലഭിച്ച വിവരമെന്ന് പറയുന്നു. പൊലീസ് പെറ്റമ്മയോടും പോറ്റമ്മയോടും കാര്യങ്ങൾ ആരാഞ്ഞതായാണ് വിവരം. ഇരുവരും ഒരേപോലെയാണ് മറുപടി നൽകിയത് എന്ന് പറയുന്നു. പൊലീസ് കൂടുതൽ അന്വേഷണം തുടരും. കുട്ടിയെ ഇപ്പോൾ യഥാർത്ഥ മാതാവിനെ ഏൽപ്പിച്ചു എന്ന് പറയുന്നുണ്ട്. അതേസമയം സംഭവത്തിൽ നാട്ടുകാർ ഇപ്പോഴും ദുരൂഹത പുലർത്തുന്നു. പൊലീസിനും ദുരൂഹതയുണ്ട്. പരാതിക്കാരില്ലാത്ത ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിമിതിയും പൊലീസിന് വെല്ലുവിളിയാവുന്നുണ്ട്.







