കാബൂള്‍: അഫ്ഗാന്‍ താലിബാനും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി കടന്നു നടത്തിയ മാരക വെടിവയ്പില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും അതിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഉണ്ടായ ഭീകര വെടിവയ്പ് ഈ ആഴ്ചയിലെ രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും മാരക വെടിവയ്പായിരുന്നു. അഫ്ഗാന്‍ താലിബാന്‍ സേന പാകിസ്ഥാന്റെ സേനാ അതിര്‍ത്തി ഔട്ട് പോസ്റ്റ് നശിപ്പിച്ചു. താലിബാന്‍ പോസ്റ്റുകള്‍ അക്രമിക്കാന്‍ പാകിസ്ഥാന്‍ സൈന്യം ഉപയോഗിച്ചിരുന്ന ഒരു ടാങ്ക് പിടിച്ചെടുക്കുകയും ചെയ്തു. പാകിസ്ഥാനിലെ ചാമന്‍ ജില്ലയിലും തെക്കു കിഴക്കന്‍ അഫ്ഗാനിലെ സ്പിന്‍ ബോള്‍ഡക്ക് ജില്ലയിലുമുണ്ടായ മാരക ഏറ്റുമുട്ടലുകള്‍ക്കു ഇരു രാജ്യങ്ങളും പരസ്പരം കുറ്റമാരോപിച്ചു. അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 58 പാകിസ്ഥാന്‍ സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാനും 200ല്‍പരം അഫ്ഗാന്‍ സൈനികരെ വധിച്ചതായി പാകിസ്ഥാനും ആരോപിച്ചു. അതേസമയം 23 സൈനികരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യക്കും പാകിസ്ഥാനിലെ ബാലൂചിസ്ഥാനും ഇടയിലെ സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തി ജില്ലയില്‍ ഉണ്ടായ അക്രമത്തില്‍ 12പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി അഫ്ഗാന്‍ താലിബാന്‍ അവകാശപ്പെട്ടു. പാകിസ്ഥാനാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നു പറയുന്നു. അഞ്ചുമണിക്കൂറോളം പോരാട്ടം തുടര്‍ന്നു.







