കാസർകോട്: ഞായറാഴ്ച രാത്രി 7 30 മണിയോടെ നിലച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് ഇ ബി കുമ്പള സെക്ഷൻ ഓഫീസ് നാട്ടുകാർ ഉപരോധിച്ചു. വിവരമറിഞ്ഞ് കുമ്പള എസ് ഐ കെ ശ്രീജേഷ്, പ്രൊബേഷനറി എസ് ഐ അനന്തകൃഷ്ണ ആർ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഞായറാഴ്ച രാത്രി ഏഴര മണിയോടെ ഉണ്ടായ ശക്തമായ കാറ്റും മഴയെ തുടർന്നാണ് വൈദ്യുതി വിതരണം തകരാറിലായത്. തിങ്കളാഴ്ച വൈകുന്നേരം വരെ തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം ജനങ്ങൾ ദുരിതത്തിലായി. സന്ധ്യയായിട്ടും വൈദ്യുതി എത്താത്തതിന് തുടർന്നാണ് നാട്ടുകാർ കൂട്ടത്തോടെ വൈദ്യുതി ഓഫീസിലേക്ക് ഇരച്ചെത്തിയത്. തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ഉടൻ പുന:സ്ഥാപിക്കുമെന്നാണ് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ നാട്ടുകാരോട് വ്യക്തമാക്കിയത്. എന്നാൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച ശേഷം മാത്രമേ തിരികെ പോവുകയുള്ളൂ എന്ന നിലപാടിലാണ് നാട്ടുകാർ. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ,കോൺഗ്രസ് നേതാവ് ലക്ഷ്മണപ്രഭു, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ്, റഹ്മാൻ ആരിക്കാടി, എൻസിപി നേതാവ് ഖദീജ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ വൈദ്യുതി ഓഫീസിൽ എത്തിയത്.
