പാലക്കാട്: കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറയ്ക്ക് സമീപമുള്ള തേയിലത്തോട്ട മേഖലയിലാണ് സംഭവം. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന അസാല (54) കൊച്ചുമകള്‍ മൂന്നു വയസുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ കടക്കുകയായിരുന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്ന മുത്തശ്ശിയും പേരമകളും സംഭവം അറിഞ്ഞിരുന്നില്ല. സമീപവാസികള്‍ ശബ്ദം കേട്ട് ഉണര്‍ന്ന് വന്നോപ്പോഴാണ് വീട് ആക്രമിക്കുന്നത് കണ്ടത്. ജനല്‍ തകര്‍ത്ത ശേഷം വീടിനകത്ത് കടന്ന ആന രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. വിവരത്തെ തുടര്‍ന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തിയിരുന്നു. കാട്ടാനകളുടെയും പുലികളുടെയും ആക്രമണങ്ങള്‍ വാല്‍പാറയില്‍ പതിവായിരിക്കുകയാണ്.
