തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതൊരു വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സോഷ്യൽ മീഡിയയിലൂടെ ആണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. കേരള ബിജെപി നേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശം പരിഗണിക്കപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി എക്‌സിലൂടെ അറിയിച്ചു. എറണാകുളം–ബെംഗളൂരു റൂട്ടിൽ ആണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി അദ്ദേഹം എഫ്ബി പോസ്റ്റിൽ പറഞ്ഞു. പുതിയ ട്രെയിൻ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് ഏറെ പ്രയോജനം ചെയ്യും. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ബെംഗളൂരുവിലേയ്ക്കു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തു നൽകിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാലക്കാട് മുതൽ കോയമ്പത്തൂർ വരെയുള്ള ഭാഗങ്ങളിൽ രാത്രിയിൽ വേഗനിയന്ത്രണമുണ്ട്. ഇത് വന്ദേഭാരത് സർവീസ് നടത്തുന്നതിന് തടസമായി നിൽക്കുകയായിരുന്നു. കേരളത്തിന്റെ സമഗ്ര വികസനം മുന്നില്‍ക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
