കുമ്പള: പഞ്ചായത്ത് ഭരണം തീരാന്‍ നേരത്ത് കുമ്പള പഞ്ചായത്ത് അഴിമതിയുടെ കൂടു തുറന്നുവെന്നു സി പി എം ആരോപിച്ചു. പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ എടുത്ത അഴിമതി തീരുമാനങ്ങള്‍ ഭരണക്കാര്‍ വിഴുങ്ങിയെന്നു സി പി എം കുമ്പള ലോക്കല്‍ സെക്രട്ടറി കെ ബി യൂസഫ് അറിയിച്ചു.
മൊഗ്രാല്‍ ഗവ. യൂനാനി ആശുപത്രിക്കു പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ചു മുസ്ലീംലീഗ് മണ്ഡലം നേതാവിന്റെ ബന്ധുവായ എം എസ് എഫ് നേതാവിനെ ഫിസിയോതെറാപ്പി തസ്തികയില്‍ പഞ്ചായത്തു നിയമിച്ചിരുന്നുവെന്ന് അറിയിപ്പില്‍ യൂസഫ് പറഞ്ഞു. നിയമനം സംബന്ധിച്ച സകല മാനദണ്ഡവും മറികടന്നായിരുന്നു ഇത്. സി പി എം സംഭവമറിഞ്ഞ കുമ്പള ലോക്കല്‍ കമ്മറ്റി ഇക്കാര്യത്തില്‍ ഇടപെടുകയും ഇടപെടല്‍ ശക്തമായതോടെ നിയമനം റദ്ദു ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ നിര്‍ബന്ധിതരാവുകയുമായിരുന്നു- യൂസഫ് അറിയിച്ചു. ഇക്കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു സി പി എം ആവശ്യപ്പെട്ടു.
ഇതിനിടെ ജനങ്ങള്‍ ദീര്‍ഘകാലമായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന കുമ്പള ബസ്സ്റ്റാന്റ് കംഷോപ്പിംഗ് കോംപ്ലക്സിനു മൂന്നു കോടി രൂപയുടെ കരാര്‍ ആരുമറിയാതെ പഞ്ചായത്തധികൃതര്‍ നല്‍കിയെന്നു സി പി എം ചൂണ്ടിക്കാട്ടി. ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ അനുവദിച്ച നിയമവിരുദ്ധ നടപടിയും സി പി എം ഇടപെടലിലൂടെ കരാര്‍ നല്‍കിയവര്‍ തന്നെ റദ്ദ് ചെയ്തു. പഞ്ചായത്തിന്റെ അഴിമതി പരമ്പരകളുടെ ഒരു മൂല മാത്രമാണിതെന്നും ഇതെങ്കിലും അറിയാനും ചെറുക്കാനും കഴിയുന്നതു ഇടതു പഞ്ചായത്ത് അംഗങ്ങളുടെ നിരന്തര ഇടപെടല്‍ കൊണ്ടാണെന്നും യൂസഫ് ചൂണ്ടിക്കാട്ടി.
പഞ്ചായത്തിന്റെ പുരോഗതിക്കു വഴികാട്ടിയാവേണ്ട പഞ്ചായത്ത് പ്രസിഡന്റ് ഭരണത്തെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഉപയോഗിക്കുന്നതു ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണെന്നും അറിയിപ്പ് പറഞ്ഞു. പഞ്ചായത്തിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം അതിരൂക്ഷമായ ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്നും യൂസഫ് മുന്നറിയിച്ചു.
