കൊച്ചി: കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നതെന്നാണ് വിവരം. മുഖംമൂടി ധരിച്ച് എത്തിയ മൂന്നുപേർ അടങ്ങുന്ന സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്. സ്റ്റീൽ വില്പന കേന്ദ്രത്തിലെ സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്നായിരുന്നു ഡീൽ. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു സംഘമെത്തിയത്. കേരളത്തിൽ ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമെന്ന് പൊലീസ് പറയുന്നു. പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് പണം കവർന്നത്. സ്ഥാപനത്തില്‍ ഇത്രയധികം തുക ഉണ്ടാകുമെന്ന് അറിയാവുന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടന്നിട്ടുള്ളത് എന്നാണ് നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് രണ്ടു പേർ ആദ്യം സ്ഥാപനത്തിൽ എത്തിയത് എന്നാണു കരുതുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖംമൂടി ധരിച്ച് മറ്റുള്ളവർ എത്തുകയായിരുന്നു. മൊത്തവിതരണ സ്ഥാപനമായതിനാൽ സ്റ്റോക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കടയിലുണ്ടായിരുന്നതെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. ഈ സ്ഥാപനത്തിന്റെ ഉള്ളിൽ സിസിടിവി ഇല്ല എന്നും വിവരമുണ്ട്. അതുകൊണ്ടു തന്നെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളെ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇയാൾ സംഘത്തിൽ ഉൾപ്പെട്ടയാൾ ആണോ വിവരം നൽകിയ ആൾ ആണോ എന്നതിൽ വ്യക്തതയില്ല.
