കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കുഞ്ചത്തൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന ബീഹാര്‍ സ്വദേശി രാഹുലി(26)ന്റെ മൃതദേഹമാണ് തലപ്പാടിയിലെ ഒരു ഫാമില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ചതാണെന്നു സംശയിക്കുന്നു. മൃതദേഹം അഴുകി തലയോട്ടി ഉള്‍പ്പെടെ വേര്‍പ്പെട്ട നിലയിലാണ്. സമീപത്തു കാണപ്പെട്ട മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്ന രാഹുലിനെ ആഗസ്റ്റ് ഏഴിനാണ് കാണാതായത്. ജോലി അന്വേഷിച്ച് മംഗ്‌ളൂരുവിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. സംഭവത്തില്‍ സഹോദരന്‍ വിശാല്‍കുമാറിന്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
